നീ​തി തേടി വീണ്ടും അവരെത്തി: പാ​ല​ക്കാ​ട്​ ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ൽ പ്ലാ​ച്ചി​മ​ട​യു​ടെ സ​മ​രാ​വേ​ശം ഇ​ര​മ്പി

പാലക്കാട്: പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ഭൗമദിനത്തിൽ പ്ലാച്ചിമടയിൽ ആരംഭിച്ച കൊക്കകോള വിരുദ്ധസമരം മറ്റൊരു ഭൗമദിനത്തിൽ പുതിയ തലത്തിലേക്ക്. അവകാശപ്പെട്ട ഭൂഗർഭജലം ഊറ്റിയെടുത്ത കോളക്കമ്പനി പ്ലാച്ചിമടക്കാരുടെ സമരവീര്യത്തിന് മുമ്പിൽ മുട്ടുകുത്തിയെങ്കിലും ഭരണകൂടങ്ങളിൽ നിന്ന് ലഭിക്കേണ്ട നീതി ഇനിയും ഇവർക്ക് കിട്ടാക്കനിയാണ്. മാറിമാറി വരുന്ന സർക്കാറുകളുടെ വാഗ്ദാനങ്ങൾക്കപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങുന്നില്ലെന്ന തിരിച്ചറിവിൽ അവർ കൊക്കകോള വിരുദ്ധ സമര സമിതി പാലക്കാട് കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ രൂപവത്കരിക്കാനുള്ള നടപടി സ്വീകരിക്കുക, പ്ലാച്ചിമടയിലെ ഇരകൾക്ക് അടിയന്തരമായി ഇടക്കാല സാമ്പത്തികസഹായം അനുവദിക്കുക, പട്ടികജാതി- പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമെടുത്ത കേസിൽ കോളക്കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് ആസ്തി കണ്ടുകെട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം. ‘കൊക്കകോള ഗോ ബാക്ക്’ മുദ്രാവാക്യം വിളികളുമായി ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സമരക്കാർ പന്തലിലേക്കെത്തിയത്. മഗ്സസെ അവാർഡ് ജേതാവ് ഡോ. രാജേന്ദ്രസിങ് സമരം ഉദ്ഘാടനം ചെയ്തു. ഐക്യദാർഢ്യ സമിതി ചെയർമാൻ അമ്പലക്കാട് വിജയൻ അധ്യക്ഷത വഹിച്ചു. സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പി. സുരേഷ് ബാബു രചിച്ച ‘ജലത്തി‍െൻറ രാഷ്ട്രീയം’ സമരപ്രവർത്തക കന്നിയമ്മക്ക് രാജേന്ദ്രസിങ് നൽകി പ്രകാശനം ചെയ്തു. സി.ആർ. നീലകണ്ഠൻ, മുൻമന്ത്രിമാരായ വി.സി. കബീർ, കുട്ടി അഹമ്മദ് കുട്ടി, ലാലൂർ സമര നേതാവ് ടി.കെ. വാസു, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ടി. ശാക്കിർ, ആർ. അജയൻ, വിജയരാഘവൻ ചേലിയ, ജോയ് കൈതാരം, വി. ചാമുണ്ണി, എം. സുലൈമാൻ, കെ.വി. ബിജു, റോബിൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, മനുഷ്യാവകാശ മേഖലയിലെ നിരവധി പേർ സമരക്കാരെ അഭിവാദ്യം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.