നെ​ന്മാ​റ–വ​ല്ല​ങ്ങി വേ​ല ഇ​ന്ന്

നെന്മാറ: പാലക്കാട് ജില്ലയിലെ പ്രമുഖ വിളവെടുപ്പുത്സവമായ നെന്മാറ^വല്ലങ്ങി വേല തിങ്കളാഴ്ച ആഘോഷിക്കും. നെന്മാറ^വല്ലങ്ങി ദേശങ്ങൾക്കാണ് വേല നടത്തിപ്പ് ചുമതല. എണ്ണമറ്റ വാദ്യമേള കലാകാരന്മാരുടെ പങ്കാളിത്തവും തലയെടുപ്പുള്ള കൊമ്പന്മാർ അണിനിരക്കുന്ന എഴുന്നള്ളിപ്പും ആകർഷകമായ ആന പന്തലുകളും വെടിക്കെട്ടും നെന്മാറ^വല്ലങ്ങി വേലയുടെ പ്രത്യേകതയാണ്. വേല ദിനത്തിൽ രാവിലെ നെന്മാറ ദേശത്ത് ക്ഷേത്ര പൂജകൾക്ക് ശേഷം ദേശ കാരണവന്മാരുടെ സാന്നിധ്യത്തിൽ വരിയോല വായിച്ച ശേഷം നിറപറ എഴുന്നള്ളത്ത് തുടങ്ങും. വിവിധ സമുദായങ്ങളുടെ ക്ഷേത്ര പറകൾ സ്വീകരിച്ച്, മന്ദത്തെത്തി ഉച്ചയോടെ പഞ്ചവാദ്യ അകമ്പടിയോടെ കോലം കയറ്റും. എഴുന്നള്ളിപ്പ് ദേശത്തെ ക്ഷേത്രങ്ങൾ ചുറ്റി പഞ്ചാരിയോടെ വൈകീട്ട് ക്ഷേത്രത്തിനടുത്ത ആനപ്പന്തലിലെത്തും. വല്ലങ്ങിദേശത്ത് രാവിലെ പൂജകൾക്ക് ശേഷം ശിവക്ഷേത്രത്തിൽനിന്ന് രാവിലെ പതിനൊന്നോടെ പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്. വൈകീട്ട് നാലോടെ ആനപ്പന്തലിൽ അണിനിരക്കും. ആദ്യം വല്ലങ്ങിയുടെ എഴുന്നള്ളത്ത് കാവ് കയറും. പിന്നീട് നെന്മാറ ദേശത്തി‍െൻറ കാവു കയറ്റം. ഈ സമയത്താണ് പകൽ വെടിക്കെട്ട് തുടങ്ങും. ആദ്യം വല്ലങ്ങിയും പിന്നീട്, നെന്മാറയും വെടിക്കെട്ടിന് തിരി കൊളുത്തും. ഇതോടെ എഴുന്നള്ളിപ്പുകൾ ദേശങ്ങളിലേക്ക് മടങ്ങും. തായമ്പകയോടെയാണ് രാത്രി വേല ആരംഭം. പഞ്ചവാദ്യങ്ങൾ ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്ന് ആനപ്പന്തലിലെത്തുന്നതോടെ സമാപിക്കും. രാത്രി വെടിക്കെട്ടിന് ആദ്യം നെന്മാറയും പിന്നീട് വല്ലങ്ങിയും തിരികൊളുത്തും. പാണ്ടിമേളത്തോടെ കാവുകയറി മുത്തുകളും പറവാദ്യവുമായി ഇരു ദേശങ്ങളിലെയും മന്ദങ്ങളിലെത്തിച്ചേർന്ന് വേലപ്പിറ്റേന്ന് എഴുന്നള്ളത്തുകൾ തിടമ്പിറക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.