കനിയണം കാക്കി

മലപ്പുറം: കോട്ടപ്പടി പൊലീസ് സ്റ്റേഷന് മുന്നിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ജില്ലാ ഭരണകൂടത്തെയും പൊലീസ് മേധാവികളെയും കാണാനൊരുങ്ങുകയാണ് നഗരസഭാധികൃതര്‍. കോട്ടപ്പടിയിലെ റോഡ് ട്രയാംഗിളിന് സമീപത്ത് തൊണ്ടിവാഹനങ്ങള്‍ കൂട്ടിയിട്ട സ്ഥലം ഉപയോഗപ്പെടുത്തി റോഡ് നവീകരിക്കാനണ് പദ്ധതി. ഈ സ്ഥലം കാടു മൂടിക്കിടക്കുകയുമാണ്. എതിര്‍ഭാഗത്തെ വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും ഡ്രൈവര്‍മാര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത് അപകട സാധ്യത കൂട്ടുന്നുണ്ട്. തൊണ്ടിവാഹനങ്ങള്‍ കിടക്കുന്ന ഒമ്പത് സെന്‍റ് സ്ഥലം പൊലീസിന്‍െറ ഉടമസ്ഥതയിലുള്ളതാണ്. ഈ സ്ഥലം കൂടി ഉള്‍പ്പെടുത്തി സ്റ്റേഷന് മുന്നിലെ ഉയരവും ചെരിവും കുറക്കാന്‍ കഴിയുമോയെന്ന് കഴിഞ്ഞമാസം നഗരസഭാധ്യക്ഷയുടെ അധ്യക്ഷതയില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ട്രാഫിക് കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. വണ്ടികള്‍ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി ഭൂമി വിട്ടുകിട്ടാനുള്ള ശ്രമമാണ് നഗരസഭ നടത്തുന്നത്. കോട്ടപ്പടി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ബസ്സ്റ്റാന്‍ഡിലേക്ക് പോവുന്നതും തിരിച്ചുവരുന്നതും ട്രയാംഗിള്‍ വഴിയാണ്. കുന്നുമ്മല്‍ ഭാഗത്തുനിന്ന് കലക്ടറേറ്റിന് മുന്നിലൂടെ വരുന്നവയും കോട്ടപ്പടിയിലേക്ക് കടക്കാന്‍ ട്രയാംഗിളിനെ ആശ്രയിക്കുന്നു. മറ്റു വാഹനങ്ങളും ഇത് വഴി പോവുകയും വരികയും ചെയ്യുന്നതിനാല്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. ഒരേ റോഡിലൂടത്തെന്നെ വാഹനങ്ങള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്ന ഭാഗത്ത് പലപ്പോഴും അപകടമുണ്ടായിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കലും വെല്ലുവിളിയാണ്. പൊലീസിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനല്‍കിയാല്‍ ഉയരത്തിലുള്ള റോഡിലേക്ക് കടക്കുന്ന ഭാഗത്തെ ചെരിവുണ്ടാക്കുന്ന അപകട സാധ്യത കുറക്കാന്‍ കഴിയും. കണ്ണായ സ്ഥലത്ത് തൊണ്ടിവാഹനങ്ങള്‍ കാടുമൂടിക്കിടക്കുന്നത് നഗരത്തിന് അഭംഗിയുമുണ്ടാക്കുന്നു. വര്‍ഷങ്ങളുടെ മുറവിളിക്ക് ശേഷം കെ.എസ്.ആര്‍.ടി.സി വണ്ടികളും ദീര്‍ഘദൂര ബസുകളും സ്റ്റാന്‍ഡില്‍ കയറാന്‍ തുടങ്ങിയിട്ടുണ്ട്. 58 ലക്ഷം രൂപ ചെലവഴിച്ച് ബസ് സ്റ്റാന്‍ഡ് നവീകരിക്കാന്‍ ഒരുങ്ങുകയാണ് നഗരസഭ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.