യാത്രക്കാരെ കുഴക്കി മുണ്ടുപറമ്പ് ജങ്ഷന്‍

മലപ്പുറം: രണ്ട് ജങ്ഷനുകള്‍ അടുത്തടുത്ത് വരുന്ന മുണ്ടുപറമ്പില്‍ എത്തിയാല്‍ ഏത് യാത്രക്കാരനും ഒന്ന് കുഴങ്ങും. എങ്ങോട്ട് തിരിയണം, എങ്ങനെ തിരിയണം എന്നറിയാതെ വലയും. കോഴിക്കോട് -പാലക്കാട് ദേശീയപാതക്കിടയിലെ പ്രധാന ബൈപ്പാസാണ് മച്ചിങ്ങല്‍-മുണ്ടുപറമ്പ്-കാവുങ്ങല്‍ ബൈപ്പാസ്. വലിയ കണ്ടയ്നറുകളും കാപ്സ്യൂള്‍ ലോറികളും പതിവാണ് ഈ പാതയില്‍. നഗരത്തിലെ കുരുക്കും തിരക്കുമൊഴിഞ്ഞ് സഞ്ചരിക്കാമെന്നതിനാല്‍ വാഹനങ്ങളുടെ വലിയ നിരയാണ് ഈ പാതയില്‍ എപ്പോഴും. എന്നാല്‍, ഇവിടെ സിഗ്നല്‍ സംവിധാനമോ ട്രാഫിക് ഐലന്‍േറാ ഡിവൈഡറോ ഇല്ല. നേരത്തെ ചെറിയ ട്രാഫിക് ഐലന്‍റ് ഉണ്ടായിരുന്നെങ്കിലും വാഹനങ്ങള്‍ ഇടിച്ച് തകര്‍ന്നു. ഇടക്ക് ട്രാഫിക് പൊലീസ് ടാര്‍ വീപ്പ പോലുള്ള താല്‍ക്കാലിക സംവിധാനങ്ങള്‍ വെച്ചിരുന്നു. എന്നാല്‍, ഇത്തരം സംവിധാനങ്ങള്‍ മൂലം രാത്രി കാലങ്ങളില്‍ എത്തുന്ന കണ്ടയ്നര്‍ ലോറികള്‍ റോഡിന് നടുവില്‍ കുടുങ്ങുക പതിവാണെന്ന് ട്രാഫിക് പൊലീസ് പറയുന്നു. റോഡിന് വീതി തീരെ കുറഞ്ഞതാണ് കാരണം. വാഹനം കുടുങ്ങുന്നത് പതിവായതോടെ താല്‍ക്കാലിക സംവിധാനങ്ങള്‍ എടുത്തുമാറ്റുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസില്ലാത്തതിനാല്‍ ഗതാഗതം സ്തംഭിക്കാറുമുണ്ട്. ഇതിന് പുറമെയാണ് റോഡിലെ വലിയ കുഴികളും ചിതറിക്കിടക്കുന്ന കല്ലുകളും. ചെറുതുംവലുതുമായ അപകടങ്ങള്‍ ഇവിടെ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളിലാണ് അപകട സാധ്യത കൂടുതല്‍. ദിശാസൂചനാ ബോര്‍ഡുകള്‍ ഉണ്ടെങ്കിലും യാത്രക്കാര്‍ പെട്ടന്ന് കാണുംവിധമല്ല സ്ഥാപിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ കോഴിക്കോട് ഭാഗത്ത്നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ മുണ്ടുപറമ്പ് അങ്ങാടിയില്‍ എത്തി തിരിയാറുണ്ട്. റോഡിന്‍െറ വീതി കൂട്ടല്‍ മാത്രമാണ് പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.