ചുള്ളിയോട്ട് പൊട്ടിയ വെടി തുളച്ചത് കിഴക്കന്‍ ഏറനാടിന്‍െറ നെഞ്ചില്‍

കാളികാവ്: തൊഴിലാളി വര്‍ഗത്തിന്‍െറ അതിജീവനത്തിനായി പോരാടി മരിച്ച സഖാവ് കുഞ്ഞാലിയുടെ സ്മരണക്ക് ഇന്ന് 47 വയസ്സ്.1969 ജൂലൈ 26ന് ഇന്നത്തെ അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് വെച്ചാണ് രാഷ്ട്രീയ എതിരാളികള്‍ എം.എല്‍.എ ആയിരുന്ന കുഞ്ഞാലിയെ തോക്കിനിരയാക്കിയത്. ജില്ലയുടെ കിഴക്കന്‍ മലയോരത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്ത കുഞ്ഞാലിയെ രാഷ്ട്രീയ എതിരാളികള്‍ വകവരുത്തുകയായിരുന്നുവെന്നാണ് പാര്‍ട്ടി അണികള്‍ വിശ്വസിക്കുന്നത്. ചുള്ളിയോട് അങ്ങാടിയില്‍ പാര്‍ട്ടി ഓഫിസില്‍നിന്ന് യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കുഞ്ഞാലിയുടെ നേരെ അജ്ഞാതര്‍ നിറയൊഴിച്ചത്. 28ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് കുഞ്ഞാലി മരണപ്പെടുന്നത്. കൊണ്ടോട്ടി സ്വദേശിയായിരുന്ന കുഞ്ഞാലി തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ കാളികാവില്‍ കുടുംബസമേതം സ്ഥിരതാമസമാക്കുകയായിരുന്നു. നിലമ്പൂര്‍ മേഖലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്തത് കുഞ്ഞാലിയായിരുന്നു. ജന്മിത്ത-നാടുവാഴിത്തത്തിനെതിരെ ശക്തമായി പോരാടിയ കുഞ്ഞാലിക്ക് ശത്രുക്കള്‍ ഏറെയുണ്ടായിരുന്നു. ഇതില്‍ ആരുടെയോ കുതന്ത്രമാണ് അദ്ദേഹത്തിന്‍െറ ജീവനെടുത്തതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. അതുമായി ബന്ധപ്പെട്ട് ഇന്നും ഏറെ വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഭൂരഹിതരായ നിരവധി പേര്‍ക്കായി കരുവാരകുണ്ട്, പൂക്കോട്ടുംപാടം, കാളികാവ്, ചോക്കാട് പ്രദേശങ്ങളില്‍ കുഞ്ഞാലി നടത്തിയ പ്രക്ഷോഭങ്ങള്‍ ഏറെയായിരുന്നു. അവകാശ പോരാട്ടങ്ങളുടെ സ്മരണക്കെന്നോണം പൂക്കോട്ടുംപാടം ടി.കെ കോളനിയില്‍ കുഞ്ഞാലിക്കോളനി ഇന്നും നിലകൊള്ളുന്നു. 1966ല്‍ കാളികാവ് പഞ്ചായത്തിന്‍െറ പ്രഥമ പ്രസിഡന്‍റായിരുന്നു കുഞ്ഞാലി. മണ്‍മറഞ്ഞ ജനനേതാവിനെ സ്മരിക്കാന്‍ കാളികാവില്‍ വ്യാഴാഴ്ച നടക്കുന്ന സമ്മേളനത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, എം.എല്‍.എമാരായ എം. സ്വരാജ്, പി.വി. അന്‍വര്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.