കുറ്റിപ്പുറം: അഴുക്കുചാല്‍ വൃത്തിയാക്കാത്ത വിഷയത്തില്‍ പഞ്ചായത്തിനെ പഴിചാരി രക്ഷപ്പെട്ട പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത് ഓടകള്‍ ശുചീകരിക്കാതെ. കോളറ അവലോകന യോഗത്തിലാണ് ആരോഗ്യമന്ത്രിയുടെ ചോദ്യത്തിന് പൊതുമരാമത്ത് വകുപ്പ് എ.എക്സി എന്‍ജിനീയര്‍ ഓടകള്‍ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വൃത്തിയാക്കിയെന്ന് സദസ്സില്‍ വെച്ച് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, എവിടെയെല്ലാം വൃത്തിയാക്കിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനാവാതെ ഉദ്യോഗസ്ഥന്‍ നട്ടം തിരിഞ്ഞതോടെയാണ് തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ.കെ.ടി. ജലീല്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ ഓടകള്‍ പൊതുമരാമത്തും പഞ്ചായത്തിന് കീഴിലെ ഓടകള്‍ പഞ്ചായത്ത് അധികൃതരും വൃത്തിയാക്കണമെന്ന് ഉത്തരവിട്ടത്. തുടര്‍ന്ന് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തിരൂര്‍ റോഡിലെ ഓടകള്‍ തുറന്നപ്പോള്‍ അഴുക്ക് ചാലുകള്‍ പൂര്‍ണമായും മണ്ണ് വീണ് അടഞ്ഞ സ്ഥിതിയിലാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഓടകള്‍ വൃത്തിയാക്കിയെങ്കിലും ഓടകള്‍ മൂടിയ കോണ്‍ക്രീറ്റ് പാളികള്‍ മാറ്റാനാകാതെ പലയിടങ്ങളിലും ശുചീകരണം നടന്നില്ല. മഴക്കാലപൂര്‍വ അഴുക്കുചാല്‍ ശുചീകരണം നടത്തിയെന്നായിരുന്നു നേരത്തെ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും പറഞ്ഞിരുന്നത്. അഴുക്കുചാലുകള്‍ മണ്ണ് വീണ് അടഞ്ഞതോടെയാണ് മാലിന്യം റോഡിലേക്കും മറ്റും ഒഴുകാന്‍ തുടങ്ങിയത്. കോളറ ബാധിച്ചത് പഞ്ചായത്തിന്‍െറയും രണ്ട് ഹോട്ടലുകളുടെയും വീഴ്ചയായാണ് ഇതുവരെ വിലയിരുത്തിയിരുന്നത്. എന്നാല്‍, വിവിധ വകുപ്പുകളുടെ അനാസ്ഥയാണെന്നാണ് ഈ സംഭവത്തിലൂടെ വെളിപ്പെട്ടത്. വണ്‍വേ റോഡിലെ അഴുക്കുചാലിലെ വെള്ളം ഒഴുകിപ്പോകുന്ന തിരൂര്‍ റോഡിലെ ഓടകള്‍ അടഞ്ഞതാണ് ടൗണിലും മറ്റും മാലിന്യം പരന്നൊഴുകാന്‍ കാരണമായത്. ടൗണിലെ മുഴുവന്‍ ഓടകളും പൂര്‍ണമായും ശുചീകരിച്ചാല്‍ കുറ്റിപ്പുറം വൃത്തിയാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പ്രശ്നങ്ങളുടെ ഉത്തരവാദിത്തം വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗ്രാമപഞ്ചായത്തിന് മേല്‍ കെട്ടിവെച്ച് തടിയൂരുകയാണ് ചെയ്തത്. മന്ത്രി ഡോ. കെ.ടി. ജലീല്‍ എത്തി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ബുധനാഴ്ച തിരൂര്‍ റോഡ് ശുചീകരണം നടത്തിയത്. ഓടകള്‍ വൃത്തിയാക്കാനുള്ള പണം പലരുടെയും പോക്കറ്റിലേക്കാണ് പോകുന്നതെന്ന് മന്ത്രി പരസ്യമായി പറഞ്ഞിരുന്നു. പൊതുമരാമത്ത് എ.ഇ ആനന്ദന്‍, ഓവര്‍സിയര്‍ അജയ്ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അഴുക്ക് ചാലുകള്‍ വൃത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.