കിണറ്റില്‍ ഗ്രീസും പെട്രോളും കലര്‍ന്നു കുടിവെള്ളം മുട്ടിയ നാട്ടുകാര്‍ പ്രക്ഷോഭത്തിന്

തിരൂര്‍: പയ്യനങ്ങാടിയില്‍ കിണറ്റുകളിലെ വെള്ളം മലിനമായതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിന്. പ്രദേശത്തെ 150ഓളം വീടുകളിലെ കിണര്‍ വെള്ളമാണ് ഗ്രീസും പെട്രോളും കലര്‍ന്ന് മലിനമായിരിക്കുന്നത്. പരിശോധനയില്‍ അപകടകരമായ രീതിയില്‍ ഗ്രീസും പെട്രോളും കലര്‍ന്നതായി കണ്ടത്തെിയിട്ടും മലിനീകരണത്തിന് കാരണമാകുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ നടപടിയെടുക്കാത്തതിനെതിരെയാണ് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നത്. പയ്യനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പും കാര്‍ ഷോറൂമുമാണ് മലിനീകരണത്തിന് കാരണമാകുന്നതെന്നാണ് ആക്ഷേപം. ഈ സ്ഥാപനങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജലസ്രോതസ്സുകളാണ് മലിനമായത്. ഇപ്പോള്‍ പുറം നാടുകളില്‍നിന്ന് ടാങ്കറില്‍ വെള്ളം കൊണ്ടുവന്നാണ് ഈ കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് വെള്ളത്തിന് രുചിവ്യത്യാസം അനുഭവപ്പെട്ടതോടെയാണ് മലിനീകരണം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കാര്‍ ഷോറൂം അധികൃതരെ ബന്ധപ്പെടുകയും ഇവിടെ നിന്ന് വര്‍ക്ഷോപ്പും വാട്ടര്‍സര്‍വിസ് സെന്‍ററും മാറ്റിയിരുന്നു. നഗരസഭ സ്റ്റോപ് മെമ്മോ പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍, ഇവ വീണ്ടും ഇവിടെ പ്രവര്‍ത്തിപ്പിക്കുന്നതിനാലാണ് വെള്ളത്തില്‍ ഗ്രീസ്, ഓയില്‍ എന്നിവയുടെ അംശം കണ്ടത്തെിയിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ വര്‍ഷം മഴ തുടങ്ങിയതോടെയാണ് പ്രശ്നം രൂക്ഷമായത്. തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ സഹായത്തോടെ മൂന്ന് കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോഴാണ് മലിനീകരണത്തിന്‍െറ ആഴം വ്യക്തമായത്. മൂന്നു കിണറുകളിലെ വെള്ളമാണ് പരിശോധിച്ചത്. ഒരു വീട്ടിലെ വെള്ളത്തില്‍ പെട്രോള്‍ അംശം 1.8 മില്ലി ഗ്രാമും പയ്യനങ്ങാടി പള്ളിയുടെ കിണര്‍ വെള്ളത്തില്‍ 2.5 മില്ലി ഗ്രാമും ഇവിടെയുള്ള ക്വാര്‍ട്ടേഴ്സിലെ വെള്ളത്തില്‍ 5.7മില്ലി ഗ്രാമും കണ്ടത്തെി. 0.05 മില്ലി ഗ്രാം ആണ് അനുവദനീയം എന്നിരിക്കെയാണ് വന്‍തോതില്‍ ഇവയുടെ അംശം കണ്ടത്തെിയിരിക്കുന്നത്. ജലവിഭവ വകുപ്പിന്‍െറ അംഗീകാരമുള്ള ലാബില്‍ നടത്തിയ പരിശോധനയില്‍ ഓയില്‍, ഗ്രീസ് എന്നിവയുടെ അംശവും വ്യക്തമായിട്ടുണ്ട്. വെള്ളത്തില്‍ പെട്രോള്‍ അംശം കണ്ടത്തെിയതിനാല്‍ പെട്രോള്‍ പമ്പ് പ്രവര്‍ത്തിപ്പിക്കരുതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നാട്ടുകാരുടെ കൂടി ഇടപെലിനെ തുടര്‍ന്ന് പമ്പ് പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്. വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ നാട്ടുകാരെ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് വൃക്ക, ഹൃദ്രോഗങ്ങള്‍ വര്‍ധിച്ച് വരുന്നത് ഈ വെള്ളം ഉപയോഗിച്ചത് മൂലമാണെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കാര്‍ ഷോറൂം പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥാപനത്തിന് ലൈസന്‍സ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ചൊവ്വാഴ്ച നഗരസഭാധ്യക്ഷന്‍ എസ്. ഗിരീഷിന് നിവേദനം നല്‍കി. നഗരസഭ ലൈസന്‍സ് അനുവദിക്കുകയാണെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളും നിയമപോരാട്ടവും നടത്തുമെന്ന് നാട്ടുകാര്‍ രൂപവത്കരിച്ച കുടിവെള്ള സംരക്ഷണ സമിതി ഭാരവാഹികളായ സി.എം സലീം, സി.എം സെയ്തുമുഹമ്മദ്, കണ്ടാത്ത് യൂസഫ്, ഇ. അലവിക്കുട്ടി, ഫൈസല്‍റഹ്മാന്‍ തണ്ടാത്ത്, യാസിര്‍ പയ്യോളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.