സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്: ജനം പെരുവഴിയില്‍

തിരൂര്‍: ബസില്‍ കയറി കണ്ടക്ടറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് തിരൂരിലും ജീവനക്കാരനെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ച് തിരൂര്‍-മഞ്ചേരി, പരപ്പനങ്ങാടി-മഞ്ചേരി റൂട്ടുകളിലും സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് ജനങ്ങളെ പെരുവഴിയിലാക്കി. തിരൂരില്‍ അഞ്ച് മണിയോടെ തുടങ്ങിയ സമരം ആറേ മുക്കാലോടെ പൊലീസ് ഇടപെട്ടതിന് ശേഷമാണ് പിന്‍വലിച്ചത്. കണ്ടക്ടര്‍ക്ക് ബസില്‍വെട്ടേറ്റ വാര്‍ത്ത പരന്നതോടെ ഒരു വിഭാഗം ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കിന് ആഹ്വാനം നല്‍കുകയായിരുന്നു. തിരൂര്‍ സ്റ്റാന്‍ഡിലേക്ക് വന്ന ബസുകളെല്ലാം ഇവര്‍ തടഞ്ഞിട്ടു. സ്കൂളുകളും ഓഫിസുകളും കഴിഞ്ഞ് വിദ്യാര്‍ഥികളും മറ്റും വരുന്ന സമയത്തായിരുന്നു സമരം. സ്റ്റാന്‍ഡില്‍ കുടുങ്ങിയ വിവരം വീട്ടുകാരെ അറിയിക്കാന്‍ ആളുകളുടെ മൊബൈല്‍ഫോണിനായി വിദ്യാര്‍ഥികള്‍ ഇരക്കുകയായിരുന്നു. സമരത്തില്‍ പ്രതിഷേധിച്ച യാത്രക്കാരെ ചില ബസ് ജീവനക്കാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. സര്‍വിസ് നടത്താന്‍ ശ്രമിച്ച ചില ബസുകള്‍ ഇവര്‍ തടുത്തിടുകയും ചെയ്തു. പൊലീസ് എത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. കെ.എസ്.ആര്‍.ടി.സി ബസുകളാണ് അല്‍പ്പം ആശ്വാസം പകര്‍ന്നത്. കെ.എസ്.ആര്‍.ടി.സി സര്‍വിസില്ലാത്ത ഭാഗങ്ങളിലെ യാത്രക്കാര്‍ പൂര്‍ണമായും സ്റ്റാന്‍ഡില്‍ കുടുങ്ങി. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കയറിപ്പറ്റാന്‍ വലിയ തിരക്കായിരുന്നു. 6.45ഓടെ തിരൂര്‍ സി.ഐ ഷിനോജ് സ്റ്റാന്‍ഡിലത്തെി സര്‍വിസ് നടത്തിയില്ളെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് ബസുകള്‍ ഓടിത്തുടങ്ങിയത്. മലപ്പുറം: ജീവനക്കാരനെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ച് തിരൂര്‍-മഞ്ചേരി, പരപ്പനങ്ങാടി-മഞ്ചേരി റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ അപ്രതീക്ഷിതമായി ഓട്ടം നിര്‍ത്തിയതോടെ നൂറുകണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സര്‍വിസ് അവസാനിപ്പിച്ചത്. തിരൂര്‍-മഞ്ചേരി റൂട്ടില്‍ തുടങ്ങിയ പണിമുടക്ക് പിന്നീട് പരപ്പനങ്ങാടി-മഞ്ചേരി റൂട്ടിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. മലപ്പുറം-മഞ്ചേരി, വേങ്ങര-മലപ്പുറം, കോട്ടക്കല്‍-മലപ്പുറം റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ തീരെ ഓടിയില്ല. വൈകീട്ട് ഡിവൈ.എസ്.പി എ. ഷറഫുദ്ദീന്‍, സി.ഐ എ. പ്രംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ബസ് ഉടമകളുമായും തൊഴിലാളികളുമായും രാത്രി എട്ടരയോടെ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സി.ഐ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ തിരൂരില്‍നിന്ന് മഞ്ചേരിയിലേക്ക് പുറപ്പെട്ട ‘ഷമ്മാസ്’ ബസിലെ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന യാത്രക്കാരിയുടെ പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ചങ്കുവെട്ടിയില്‍ ഇറങ്ങിയ യാത്രക്കാരി എമര്‍ജന്‍സി നമ്പറില്‍ പൊലീസിനെ പരാതി അറിയിച്ചു. കോട്ടക്കല്‍ പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ബസ് കോട്ടക്കല്‍ പിന്നിട്ടിരുന്നു. മലപ്പുറം പൊലീസ് കോട്ടപ്പടിയില്‍ ബസ് തടഞ്ഞ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. പെറ്റികേസ് എടുത്തു വിടുകയും ചെയ്തു. എന്നാല്‍, ഇതിനിടെ സ്റ്റേഷനില്‍ മലപ്പുറം എസ്.ഐ കണ്ടക്ടറെ മര്‍ദിച്ചെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കണ്ടക്ടര്‍ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വാതിലില്‍ തട്ടി വീഴാന്‍ ഇടയായത് ചോദ്യം ചെയ്ത ഈ യാത്രക്കാരിയോട് ഇതേബസിലെ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്നും പൊലീസ് പറയുന്നു. എസ്.ഐക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികളായ വി.പി. അനില്‍, അഡ്വ. ഫിറോസ് എന്നിവര്‍ അറിയിച്ചു. കോട്ടക്കല്‍, മഞ്ചേരി, മലപ്പുറം, തിരൂര്‍ സ്റ്റാന്‍ഡുകളില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങി. അതേസമയം, കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.