പ്രതിരോധ കുത്തിവെപ്പ്: ജില്ലയില്‍ മൂന്ന് മാസത്തിനകം നൂറ് ശതമാനമാക്കും

മലപ്പുറം: ഡിഫ്തീരിയയും കോളറയും റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പിന്‍െറ കര്‍മപദ്ധതി. ജില്ലയില്‍ മൂന്ന് മാസത്തിനകം പ്രതിരോധ കുത്തിവെപ്പ് 100 ശതമാനത്തിലത്തെിക്കാനാണ് പദ്ധതി. ഇതിനായി രണ്ടാഴ്ചക്കകം കര്‍മപദ്ധതി തയാറാക്കും. ആദ്യഘട്ടത്തില്‍ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ബാക്കിയുള്ള മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിക്കും. ഇവര്‍ ഏത് മേഖലയില്‍ നിന്നുള്ളവരാണെന്നും എത്ര വാക്സിനുകള്‍ വേണമെന്നും എങ്ങനെ കുത്തിവെപ്പ് പൂര്‍ത്തിയാക്കാമെന്നും മാര്‍ഗരേഖ തയാറാക്കും. ഒരാഴ്ചക്കകം ഇത് പൂര്‍ത്തിയാക്കി വിവരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറും. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രതിനിധികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കൂട്ടായ്മയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിന്‍െറ രൂപരേഖ തയാറാക്കും. മലപ്പുറത്ത് ചേര്‍ന്ന അവലോകനയോഗം ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്തു. കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും ആരോഗ്യവകുപ്പിനൊപ്പം ജനപ്രതിനിധികളും മത-സാംസ്കാരിക സംഘടനകളും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കാത്തവരെ നിയമാനുസൃത വകുപ്പുകള്‍ പ്രകാരം അനുസരിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ചില മതസംഘടനകള്‍ കുത്തിവെപ്പിന് എതിരാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത ജനപ്രതിനിധികളും മതനേതാക്കളും കുത്തിവെപ്പിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് മതസംഘടനാ നേതാക്കള്‍ നടത്തിയ അഭ്യര്‍ഥനയുടെ സമാഹാരം ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ആരോഗ്യമന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു. തദ്ദേശ മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ വി. അബ്ദുറഹ്മാന്‍, എ.പി. അനില്‍കുമാര്‍, പി. അബ്ദുല്‍ ഹമീദ്, പി.വി. അന്‍വര്‍, ടി.വി. ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.എ.അഹമ്മദ് കബീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, എ.പി. ഉണ്ണികൃഷ്ണന്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേശ്, എന്‍.എച്ച്.എം ഡയറക്ടര്‍ ജി.ആര്‍. ഗോകുല്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രേണുക തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.