മിന്നല്‍ ബസ് പണിമുടക്ക്; ജനം പെരുവഴിയില്‍

മലപ്പുറം: ജീവനക്കാരനെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ച് തിരൂര്‍-മഞ്ചേരി, പരപ്പനങ്ങാടി-മഞ്ചേരി റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. അപ്രതീക്ഷിതമായി ബസുകള്‍ ഓട്ടം നിര്‍ത്തിയതോടെ നൂറുകണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സര്‍വിസ് അവസാനിപ്പിച്ചത്. തിരൂര്‍-മഞ്ചേരി റൂട്ടില്‍ തുടങ്ങിയ പണിമുടക്ക് പിന്നീട് പരപ്പനങ്ങാടി-മഞ്ചേരി റൂട്ടിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. മലപ്പുറം-മഞ്ചേരി, വേങ്ങര-മലപ്പുറം, കോട്ടക്കല്‍-മലപ്പുറം റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ തീരെ ഓടിയില്ല. വൈകീട്ട് ഡിവൈ.എസ്.പി എ. ഷറഫുദ്ദീന്‍, സി.ഐ എ. പ്രംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ബസ് ഉടമകളുമായും തൊഴിലാളികളുമായും രാത്രി എട്ടരയോടെ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സി.ഐ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ തിരൂരില്‍നിന്ന് മഞ്ചേരിയിലേക്ക് പുറപ്പെട്ട ‘ഷമ്മാസ്’ ബസിലെ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന യാത്രക്കാരിയുടെ പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ചങ്കുവെട്ടിയില്‍ ഇറങ്ങിയ യാത്രക്കാരി എമര്‍ജന്‍സി നമ്പറില്‍ പൊലീസിനെ പരാതി അറിയിച്ചു. കോട്ടക്കല്‍ പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ബസ് കോട്ടക്കല്‍ പിന്നിട്ടിരുന്നു. ശേഷം മലപ്പുറം പൊലീസ് കോട്ടപ്പടിയില്‍ ബസ് തടഞ്ഞ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. പെറ്റികേസ് എടുത്തു ഉച്ചയോടെ വിടുകയും ചെയ്തു. എന്നാല്‍, ഇതിനിടെ സ്റ്റേഷനില്‍ മലപ്പുറം എസ്.ഐ കണ്ടക്ടറെ മര്‍ദിച്ചെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കണ്ടക്ടര്‍ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വാതിലില്‍ തട്ടി വീഴാന്‍ ഇടയായത് ചോദ്യം ചെയ്ത ഈ യാത്രക്കാരിയോട് ഇതേബസിലെ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്നും പൊലീസ് പറയുന്നു. കണ്ടക്ടറെ മര്‍ദിച്ച എസ്.ഐക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തൊഴിലാളി സംഘടനാ പ്രതിനിധികളായ വി.പി. അനില്‍, അഡ്വ. ഫിറോസ് എന്നിവര്‍ അറിയിച്ചു. വലിയ തിരക്കുള്ള റൂട്ടാണ് പണിമുടക്ക് നടന്ന രണ്ട് റൂട്ടുകളും. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍, മലപ്പുറം സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ജില്ലാ ആസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍, കോട്ടക്കലിലെ ആയുര്‍വേദ സ്ഥാപനങ്ങള്‍, മഞ്ചേരി മെഡിക്കല്‍ കോളജ്, മലപ്പുറം ഗവ. കോളജ്, വിവിധ സ്കൂളുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ഈ റൂട്ടിലായതിനാല്‍ ജനത്തെ പണിമുടക്ക് നന്നായി ബാധിച്ചു. കോട്ടക്കല്‍, മഞ്ചേരി, മലപ്പുറം, തിരൂര്‍ സ്റ്റാന്‍ഡുകളില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങി. അതേസമയം, കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസ് നടത്തിയത് യാത്രക്കാര്‍ക്ക് ചെറിയ ആശ്വാസമായി. മലപ്പുറം സബ് ഡിപ്പോ തിരൂര്‍-മഞ്ചേരി റൂട്ടില്‍ 25 അധിക ട്രിപ്പുകള്‍ നടത്തി. ഉച്ചക്ക് ശേഷമാണ് കൂടുതല്‍ ട്രിപ്പുകളും നടത്തിയത്.കോഴിക്കോട്-പാലക്കാട് റൂട്ടിലെ വണ്ടികള്‍ അടക്കം പിന്‍വലിച്ചാണ് അധിക ട്രിപ് നടത്തിയത്. അതേസമയം, പരപ്പനങ്ങാടി റൂട്ടില്‍ എല്ലാ ദിവസവും വൈകീട്ട് 5.10നുള്ള ട്രിപ് മാത്രമാണ് പണിമുടക്ക് ദിവസവും ഓടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.