പെരിന്തല്‍മണ്ണ: കോഴി വളര്‍ത്തല്‍ കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് നാടന്‍ കോഴികര്‍ഷകര്‍ക്ക് സഹായകരമാകുമെന്ന് പ്രതീക്ഷ. മൂന്നുലക്ഷം കോഴികര്‍ഷകര്‍ക്കാകും പ്രയോജനം ലഭിക്കുക. കോഴി വളര്‍ത്തല്‍ ഏത് മേഖലയിലെന്ന് നിശ്ചയിക്കാത്തതിനാല്‍ നിരവധി ബുദ്ധിമുട്ടുകളായിരുന്നു കര്‍ഷകര്‍ക്ക് നേരിടേണ്ടിവന്നത്. വ്യവസായ മേഖലയില്‍ നല്‍കേണ്ട പല നികുതികളും കര്‍ഷകരില്‍നിന്ന് ഈടാക്കിയിരുന്നു. സ്ഥലമൊരുക്കുന്നതിലും ഫാമുകള്‍ തുടങ്ങുന്നതിലും ഏറെ നൂലാമാലകള്‍ മറികടക്കേണ്ടിവന്നു. ഓഡിറ്റോറിയങ്ങള്‍ക്ക് ചുമത്തുന്ന ആഡംബര നികുതി ഫാം ഷെഡ്ഡുകള്‍ക്ക് ചുമത്തിയത് പ്രതിഷേധത്തിന് വഴിവെച്ചു. അമിതബാധ്യത താങ്ങാനാവാതെ പലര്‍ക്കും മേഖല വിടേണ്ടിവന്നു. ബജറ്റ് ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോഴി വളര്‍ത്തല്‍ കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്തിയത്. കര്‍ഷകര്‍ക്ക് ലഭിക്കുന്ന ഹ്രസ്വകാല വായ്പ, വൈദ്യുതി സൗജന്യം, നികുതിയിളവ് തുടങ്ങിയവ കോഴികര്‍ഷകര്‍ക്കും ലഭ്യമായേക്കും. കേരളാ പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന്‍ നടത്തിയ ശ്രമങ്ങളാണ് ഫലം കണ്ടിരിക്കുന്നത്. പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് കേരളാ പൗള്‍ട്രി ഫാര്‍മേഴ്സ് അസോ. യോഗം വിലയിരുത്തി. ഖാദറലി വറ്റല്ലൂര്‍, സെയ്ത് മണലായ, ജിജി മാത്യു, ഹൈദര്‍ ഉച്ചാരക്കടവ്, അഡ്വ. കെ.ടി. ഉമ്മര്‍, ഷൗക്കത്തലി പാലക്കാട്, കുഞ്ഞിമൊയ്തീന്‍ കരുവള്ളി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.