തിരൂരില്‍ കാഹളം മുഴങ്ങി, മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക തയാറായി

തിരൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരൂര്‍ നഗരസഭയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക തയാറായി. നിലവിലെ വനിതാ കൗണ്‍സിലര്‍മാരില്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി.ഐ. റൈഹാനത്തിന് മാത്രമാണ് വീണ്ടും അവസരം നല്‍കുന്നത്. നഗരസഭാധ്യക്ഷ കെ. സഫിയ ടീച്ചര്‍ ഉള്‍പ്പെടെ മറ്റ് വനിതാ അംഗങ്ങള്‍ക്ക് ഇത്തവണ സീറ്റ് നല്‍കുന്നില്ല. ജനറല്‍ വാര്‍ഡുകളിലേക്ക് തയാറാക്കിയ പട്ടികയിലും സിറ്റിങ് കൗണ്‍സിലര്‍മാര്‍ കുറവാണ്. ഇത്തവണ 26 വാര്‍ഡുകളിലാണ് ലീഗ് മത്സരിക്കാനൊരുങ്ങുന്നത്. 24 വാര്‍ഡുകളിലേക്കാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. രണ്ടിടത്ത് സംവരണ വാര്‍ഡുകള്‍ക്കനുസരിച്ച് മാറ്റത്തിന് സാധ്യതയുള്ളതിനാല്‍ ധാരണ മാത്രമാണുണ്ടാക്കിയത്. സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടവരോടെല്ലാം വാര്‍ഡുകളില്‍ സജീവമാകാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലുള്ള കൗണ്‍സിലര്‍മാരില്‍ മുന്‍ നഗരസഭാധ്യക്ഷന്‍ കണ്ടാത്ത് മുഹമ്മദലി, കെ. അബൂബക്കര്‍, കല്‍പ്പ ബാവ എന്നിവര്‍ പട്ടികയിലുണ്ട്. പി.കെ.കെ. തങ്ങള്‍, കെ.കെ. അബ്ദുസ്സലാം മാസ്റ്റര്‍ എന്നിവരുടെ കാര്യത്തില്‍ അന്തിമ തീരുമാനമയിട്ടില്ല. മുന്‍ കൗണ്‍സിലര്‍മാരായ കെ.പി. ഹുസൈന്‍, മുഹമ്മദ് മൂപ്പന്‍ എന്നിവരും മത്സര രംഗത്തുണ്ടാകും. മുനിസിപ്പല്‍ കമ്മിറ്റി പുന$സംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്നാണ് കെ.പി. ഹുസൈനെ മത്സരിപ്പിക്കുന്നത്. യുവ നേതാക്കളില്‍നിന്ന് സി. ജൗഹര്‍, മൊയ്തീന്‍കുട്ടി എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീ സംവരണത്തില്‍നിന്ന് ജനറലിലേക്ക് മാറുന്നതാണ് മിക്ക വനിതാ അംഗങ്ങള്‍ക്കും തിരിച്ചടിയായത്. കഴിഞ്ഞ തവണ 25 വാര്‍ഡുകളിലാണ് ലീഗ് മത്സരിച്ചത്. 2005ലും 2010ലും കോണ്‍ഗ്രസിന് നല്‍കിയ രണ്ടാം വാര്‍ഡ് ഇത്തവണ തിരിച്ചു വാങ്ങാനാണ് തീരുമാനം. കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു 2010ല്‍ രണ്ടാം വാര്‍ഡ് കോണ്‍ഗ്രസിന് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് വാര്‍ഡിലെ ലീഗ് പ്രവര്‍ത്തകര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.