ഗൈനക്കോളജിസ്റ്റില്ല: മങ്കട ആശുപത്രിയില്‍ ലേബര്‍ റൂം തുറന്നു

മങ്കട: ഗൈനക്കോളജി ഡോക്ടറുടെ സേവനമില്ലാത്ത മങ്കട താലൂക്ക് ആശുപത്രിയില്‍ ലേബര്‍ റൂമും വനിതാ വിശ്രമ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. ഇ. അഹമ്മദിന്‍െറ എം.പി ഫണ്ടില്‍നിന്നുള്ള 12 ലക്ഷവും ബ്ളോക്ക് പഞ്ചായത്തിന്‍െറ ആറ് ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടം ഒരുക്കിയത്. നിരവധി തവണ ആവശ്യമുയര്‍ന്നിട്ടും സ്ത്രീരോഗ വിദഗ്ധരെ നിയമിക്കാതെ ലേബര്‍ റൂം ഒരുക്കിയത് വിവാദമായിരുന്നു. പി.എച്ച്.സി ആയിരുന്ന സമയത്ത് ഇന്ത്യ പോപുലേഷന്‍ പ്രോജക്ടില്‍ നിര്‍മിച്ച കെട്ടിടത്തില്‍ പ്രസവ മുറിയും വാര്‍ഡും ഓപറേഷന്‍ തിയറ്ററുമടക്കമുള്ള എല്ലാ സംവിധാനങ്ങളും ഉണ്ടായിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെ കുറവും മറ്റും കാരണം ഇവ ഉപയോഗിക്കാതായതോടെ എല്ലാം തുരുമ്പെടുത്ത് നശിച്ചു. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി ഒന്നര വര്‍ഷമായിട്ടും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ ആശുപത്രിയില്‍ രോഗികള്‍ പ്രയാസപ്പെടുകയാണ്. സി.എച്ച്.സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് മുന്നോടിയായി ഗൈനക്കോളജിസ്റ്റ്, കുട്ടികളുടെ സ്പെഷലിസ്റ്റ് എന്നിവരെയും സ്റ്റാഫ് നഴ്സുമാരെയുമടക്കം ഏഴ് അധിക തസ്തിക സൃഷ്ടിച്ചിരുന്നു. ഇതില്‍ കുട്ടികളുടെ സ്പെഷലിസ്റ്റ് ചുമതലയേറ്റ് മാസങ്ങള്‍ പിന്നിട്ടിട്ടും ഗൈനക്കോളജിസ്റ്റ് നിയമനം വൈകുകയാണ്. പുതിയ ബ്ളോക്കിന്‍െറ മുകള്‍ നിലയില്‍ ഐ.പി വാര്‍ഡിന്‍െറ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പഴയ ഐ.പി.പി വാര്‍ഡിലാണ് നാമമാത്ര കിടത്തിച്ചികിത്സ നടക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വാര്‍ഡുകളില്ല. ആശുപത്രിയിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാനോ വികസിപ്പിക്കാനോ ഒരു ശ്രമവും ഉണ്ടായിട്ടില്ല. താലൂക്ക് ആശുപത്രിയില്‍ ഉണ്ടാവേണ്ട സ്റ്റാഫുകളുടെയും ഡോക്ടര്‍മാരുടെയും എണ്ണത്തില്‍ വന്‍ കുറവാണുള്ളത്. ഓപറേഷന്‍ തിയറ്റര്‍, അത്യാഹിത വിഭാഗം, സര്‍ജിക്കല്‍ ഐ.സി.യു, കുട്ടികളുടെ ഐ.സി.യു, എക്സ്റേ തുടങ്ങിയ സൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. താലൂക്ക് അശുപത്രികളുടെ സ്റ്റാഫ് പാറ്റേണില്‍പ്പെട്ട ഗൈനക്കോളജി, ത്വഗ്രോഗം, ടി.ബി, നെഞ്ച്രോഗം, പല്ല്, അനസ്തേഷ്യ, ഇ.എന്‍.ടി ഡോക്ടര്‍മാരുടെ തസ്തികകളിലൊന്നും ഡോക്ടറില്ല. മറ്റു ജീവനക്കാരുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ലേബര്‍ റൂം ഉദ്ഘാടനം ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ നിര്‍വഹിച്ചു. മങ്കട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.