ഇവര്‍ ടിക്കറ്റ് മുറിച്ചു, ഒരു ജീവിതം തുന്നിച്ചേര്‍ക്കാന്‍

താനൂര്‍: ഇരുവൃക്കകളും തകരാറിലായ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായ ഹസ്തവുമായി ബസുടമയും ജീവനക്കാരും. കോയമ്പത്തൂര്‍ കോവൈ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന താനൂര്‍ ഓലപ്പീടിക കക്കാട്ട് റീനയുടെ (35) ചികിത്സാ ചെലവിലേക്ക് പണം കണ്ടത്തൊന്‍ താനൂര്‍-തിരൂര്‍ റൂട്ടിലോടുന്ന കുവൈറ്റ് ബസിന്‍െറ ഒരു ദിവസത്തെ വരുമാനവും ജീവനക്കാരുടെ ശമ്പളവും സംഭാവന ചെയ്തു. സര്‍വിസ് ആരംഭിച്ചത് മുതല്‍ ജീവനക്കാര്‍ ടിക്കറ്റിന് പകരം സഹായം ചോദിച്ചു. യാത്രക്കാര്‍ ജീവനക്കാരുമായി സഹകരിച്ചു. സഹായമഭ്യര്‍ഥിച്ചുള്ള ബാനര്‍ കെട്ടിയാണ് ബസ് സര്‍വിസ് നടത്തിയത്. ബസ് ഉടമ ഹംസ ഹാജി ഒരുദിവസത്തെ വരുമാനവും ജീവനക്കാരനായ ഹംസ, നവാസ്, ടിജു, സുബൈര്‍ എന്നിവര്‍ വേതനവും ചികിത്സാ ഫണ്ടിലേക്ക് നല്‍കി. താനൂര്‍ ഓലപ്പീടിക കക്കാട്ട് ജിഷ് കുമാറിന്‍െറ ഭാര്യയായ റീന അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. വൃക്കകള്‍ മാറ്റിവെക്കുന്നതിന് 20 ലക്ഷം രൂപ ചെലവ് വരും. ബന്ധു വൃക്ക നല്‍കാന്‍ തയാറായിട്ടുണ്ട്. മാസംതോറും 50,000 രൂപയാണ് ഇപ്പോള്‍ ചെലവാകുന്നത്. റീനയെ സഹായിക്കാന്‍ ഓലപ്പീടികയില്‍ എം.കെ. ഹംസ ഹാജി കണ്‍വീനറും അറമുഖന്‍ കല്ലില്‍ ചെയര്‍മാനുമായ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ബസുകാരുടെ പുണ്യപ്രവൃത്തിക്ക് നാട്ടുകാര്‍ സ്വീകരണം നല്‍കി. തിങ്കളാഴ്ച രാവിലെ പരപ്പനങ്ങാടിയിലേക്കുള്ള യാത്രാമധ്യേ ഓലപ്പീടികയിലാണ് സ്വീകരണം ഒരുക്കിയത്. സ്വീകരണ പരിപാടിക്ക് സി. മുഹമ്മദ് അഷ്റഫ്, മേപ്പുറത്ത് ഹംസു, പി.സി. മുഹമ്മദ് ഹാജി, തട്ടാരത്തില്‍ സെയ്തലവി, കെ. പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.