യാത്രക്കാരുടെ കണ്ണില്‍ പൊടിയിട്ട് ചമ്രവട്ടം റോഡില്‍ ഓട്ടയടക്കല്‍

തിരൂര്‍: റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് യാത്ര ദുഷ്കരമായ ചമ്രവട്ടം റോഡില്‍ ഓട്ടയടക്കല്‍ യജ്ഞം. ചമ്രവട്ടം പാലം പരിസരത്താണ് ശനിയാഴ്ച ഓട്ടയടക്കല്‍ തുടങ്ങിയത്. രണ്ട് ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഒച്ചിഴയും വേഗത്തിലാണ് പണികള്‍ നടക്കുന്നത്. പാലം ജങ്ഷന്‍ മുതല്‍ ഏതാനും ഭാഗത്താണ് ശനിയാഴ്ച പ്രവൃത്തി നടന്നത്. ചമ്രവട്ടം പാലം മുതല്‍ ആലിങ്ങല്‍ വരേയും പല ഭാഗത്തും റോഡ് തകര്‍ന്ന് നാമാവശേഷമായിട്ടുണ്ട്. ചമ്രവട്ടം അങ്ങാടിയിലാണ് വ്യാപകമായി തകര്‍ന്നിട്ടുള്ളത്. കുഴികള്‍ റോഡിന് നടുവിലായതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. റോഡിലെ കുഴിയില്‍ ബൈക്ക് വീണ് അപകടത്തില്‍ പെട്ട് യുവാവ് മരിച്ച സംഭവവുമുണ്ടായി. അടുത്തിടെ നവീകരിച്ച റോഡാണ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായത്. നൂറുകണക്കിന് വലിയ വാഹനങ്ങള്‍ പോകുന്ന റോഡില്‍ ദിവസവും തകര്‍ച്ച വര്‍ധിക്കുകയാണ്. നവീകരണത്തിലെ അപാകതയാണ് പാത പെട്ടെന്ന് ശോച്യാവസ്ഥയിലാകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നതിനിടെയാണ് ഓട്ടയടക്കല്‍ ആരംഭിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.