മലപ്പുറം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് : ഭൂമി കൈമാറിയാലുടന്‍ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

മലപ്പുറം: മലപ്പുറം കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പദ്ധതി റിപ്പോര്‍ട്ട് തയാറായി. ആവശ്യമായ ഭൂമി കൈമാറിയാലുടന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. ബുധനാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ച ഇന്‍കെല്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഭൂമി വിട്ടു നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിനും തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്‍ററിനും ശേഷം സംസ്ഥാനത്തെ സമ്പൂര്‍ണ കാന്‍സര്‍ ആശുപത്രിയാണ് മലപ്പുറത്ത് സ്ഥാപിക്കുക. കെ.എസ്.ഐ.ഡി.സി പാണക്കാട്ട് ഇന്‍കെലിന് പാട്ടവ്യവസ്ഥയില്‍ നല്‍കിയ 243 ഏക്കറില്‍ 25 ഏക്കറിലാണ് മലപ്പുറം കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് ഇഫ്ളു കാമ്പസിനായി കൈമാറിയ 75 ഏക്കറിലെ 25 ഏക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി കൈമാറാന്‍ ധാരണയായിട്ടുണ്ട്. ഇഫ്ളു കാമ്പസ് സ്ഥാപിക്കാന്‍ സര്‍വകലാശാല താല്‍പര്യമെടുക്കാത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഭൂമി തിരിച്ചുപിടിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 2013-14 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2015ല്‍ തന്നെ സ്ഥാപിക്കുമെന്ന് മലപ്പുറം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ പദ്ധതി പ്രഖ്യാപനത്തിനിടെ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. മലപ്പുറത്ത് വിഭാവന ചെയ്യുന്ന, നവീന ചികിത്സാ സംവിധാനങ്ങളോടെ 300 കിടക്കകളുള്ള കാന്‍സര്‍ ആശുപത്രിക്കായി ബജറ്റില്‍ ഒരു കോടി രൂപയാണ് നീക്കിവെച്ചത്. 2014 ഫെബ്രുവരി 14ന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി ‘മലപ്പുറം കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’ എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരുന്നു. മലപ്പുറത്ത് പ്രോജക്ട് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ പ്രാരംഭചെലവുകള്‍ക്കായി 2015 ജനുവരി 16ന് ഒരു കോടി രൂപ കെ.എസ്.ഐ.ഡി.സി വായ്പയായി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് നിലവില്‍ അര്‍ബുദ ചികിത്സക്കുള്ള സൗകര്യങ്ങളില്ല. അനൗദ്യോഗിക കണക്കുപ്രകാരം, 2015 ജനുവരി മുതല്‍ ഏപ്രില്‍ വരെ 1998 പേരാണ് ജില്ലയില്‍ അര്‍ബുദബാധിതരായുള്ളത്.അതേസമയം, കേന്ദ്ര പദ്ധതിയില്‍പ്പെടുത്തി 45 കോടി ചെലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി കാന്‍സര്‍ സെന്‍റര്‍ സ്ഥാപിക്കാനുള്ള നടപടി പുരോഗതിയിലാണ്. ആദ്യ ഗഡുവായി 25 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.