തിരൂര്‍: തലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടമെന്ന നാട്ടുകാരുടെ സ്വപ്നം തറക്കല്ലിട്ട പത്താം വര്‍ഷം യാഥാര്‍ഥ്യമാകുന്നു. കണ്ണംകുളത്തിനടുത്ത കാരയില്‍ പ്രദേശത്താണ് പുതിയ ആരോഗ്യ കേന്ദ്രം ഒരുക്കിയത്. പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ബുധനാഴ്ച കെട്ടിടത്തിന്‍െറ ജനകീയ ഉദ്ഘാടനം നടക്കും. 2005ലാണ് പഞ്ചായത്ത് ആരോഗ്യ കേന്ദ്രം നിര്‍മാണത്തിന് തുടക്കമിട്ടത്. ഒരേക്കര്‍ സ്ഥലംവാങ്ങി തറക്കല്ലിട്ടെങ്കിലും ഫണ്ടില്ലായ്മ വിനയായി. സര്‍ക്കാര്‍ സഹായമോ എം.പി, എം.എല്‍.എ ഫണ്ടുകളോ ലഭിക്കാത്തതിനാല്‍ നിര്‍മാണം ഇഴയുകയായിരുന്നു. പല തവണയായി പഞ്ചായത്ത് തുക നീക്കിവെച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇ.എം.എസ് സ്മാരകമായാണ് കെട്ടിടം നിര്‍മിച്ചത്. നിലവില്‍ ബി.പി അങ്ങാടിയിലെ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ ഇടുങ്ങിയ കെട്ടിടത്തിലാണ് ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയായിരുന്നു. അതിനാല്‍ സ്വന്തം കെട്ടിടമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. 50 ലക്ഷം രൂപയാണ് കെട്ടിടത്തിന് ചെലവാക്കിയത്. ബുധനാഴ്ച തന്നെ ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. ഫാര്‍മസി, ഒ.പി ബ്ളോക്ക്, ഇരിപ്പിടങ്ങള്‍ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ലാബ് ആരംഭിക്കാന്‍ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.