തിരുവാലിയിലും പുറത്തൂരിലും ഇടതിന് അഗ്നിപരീക്ഷ

മഞ്ചേരി: 45 വര്‍ഷം തുടര്‍ച്ചയായി ഇടതുപക്ഷം ഭരിച്ച് കഴിഞ്ഞതവണ കൈവിട്ട പുറത്തൂര്‍, തിരുവാലി പഞ്ചായത്തുകള്‍ ഇത്തവണ ജില്ലയില്‍ ശ്രദ്ധാകേന്ദ്രമാകും. 1964 മുതല്‍ 2010 വരെ സി.പി.എം ഭരിച്ച പഞ്ചായത്താണ് തിരുവാലി. ഭരണം നഷ്ടമാകുന്നതിന് തൊട്ടുമുമ്പുള്ള 2005ലെ തെരഞ്ഞെടുപ്പില്‍ 15 ല്‍ 11 വാര്‍ഡുകളിലും വിജയം നേടിയിരുന്നു. എന്നാല്‍, 2010 ല്‍ ചരിത്രത്തിലാദ്യമായി തിരുവാലി വലത്തോട്ടുതിരിഞ്ഞു. 16 വാര്‍ഡില്‍ സി.പി.എം ഏഴിടത്ത് ഒതുങ്ങി. കോണ്‍ഗ്രസ് എട്ട് വാര്‍ഡിലും മുസ്ലിംലീഗ് ഒരിടത്തും വിജയിച്ചതോടെ ഭരണം യു.ഡി.എഫിന്. 68 കോളനികളുള്ളതാണ് തിരുവാലി പഞ്ചായത്ത്. ഇടതുപക്ഷത്തെ തുണക്കുന്ന ഈ പ്രദേശങ്ങള്‍ കൈവിട്ടതാണ് തിരിച്ചടിക്ക് കാരണം. സമാനസ്ഥിതി തന്നെയായിരുന്നു പുറത്തൂരിലും. 47 വര്‍ഷത്തെ സി.പി.എം ഭരണത്തിന് തിരശീലയിട്ടത് 2010 ലെ തെരഞ്ഞെടുപ്പിലായിരുന്നു. 19 വാര്‍ഡില്‍ 12 ലും വിജയം നേടിയാണ് കോണ്‍ഗ്രസും ലീഗും ഭരണം പിടിച്ചത്. 2005 ല്‍18 ല്‍ 13 വാര്‍ഡിലും വിജയിച്ച് അധികാരത്തിലേറിയ സി.പി.എം ഏഴ് വാര്‍ഡുകളില്‍ ഒതുങ്ങി. ആറ് വാര്‍ഡുകള്‍ സി.പി.എമ്മില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. അതിനാല്‍, ഇത്തവണ തിരുവാലിയിലും പുറത്തൂരിലും ഇടതുമുന്നണിക്ക് അഗ്നിപരീക്ഷയാണ്. വിജയത്തുടര്‍ച്ച അത്ര എളുപ്പമാവില്ളെന്ന് രണ്ടിടത്തും യു.ഡി.എഫും തിരിച്ചറിഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.