ഏറനാട് മണ്ഡലത്തില്‍ ലീഗിന് കനത്ത തിരിച്ചടി; ഭരണം പോയത് മൂന്നിടത്ത്

മഞ്ചേരി: ഏറനാട് മണ്ഡലത്തില്‍ ചില പഞ്ചായത്തുകളില്‍ മുസ്ലിംലീഗിന് ഏറ്റ തിരിച്ചടിക്ക് കാരണം ഗ്രൂപ്പിസവും തര്‍ക്കവും. മണ്ഡലത്തില്‍ ലീഗും കോണ്‍ഗ്രസും ചേര്‍ന്ന് ഭരിച്ചിരുന്ന മൂന്ന് പഞ്ചായത്തുകളാണ് യു.ഡി.എഫിന് നഷ്ടമായത്. ഇതില്‍ കനത്തനഷ്ടം വന്നത് പാരമ്പര്യമായി ലീഗ് മേധാവിത്വം പുലര്‍ത്തിയിരുന്ന ഊര്‍ങ്ങാട്ടിരിയിലാണ്. 21 ല്‍ 15 വാര്‍ഡിലും വിജയിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷം ലീഗും കോണ്‍ഗ്രസും ഭരിച്ച ഊര്‍ങ്ങാട്ടിരി 25 വര്‍ഷത്തിനുശേഷം ഇടതുപക്ഷം നേടി. 21 ല്‍ 13 വാര്‍ഡിലാണ് ഇടതിനാണ് ജയം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ലീഗ് സ്ഥാനാര്‍ഥികളില്‍ വിജയിച്ചത് ഒരാള്‍ മാത്രം. പ്രാദേശിക ഗ്രൂപ്പുവഴക്കാണ് ഊര്‍ങ്ങാട്ടിരിയില്‍ ലീഗിന് തിരിച്ചടിയായത്. പരിഹരിക്കാനിറങ്ങേണ്ടവര്‍ പക്ഷം പിടിച്ചതും മറുപക്ഷത്തിന് വാശികൂട്ടി. കാവനൂര്‍ പഞ്ചായത്തിലും ലീഗിന് തിരിച്ചടിയാണുണ്ടായത്. ലീഗിലെ തര്‍ക്കവും ഭരണത്തിലെ പോരായ്മകളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. തര്‍ക്കം 2010 ല്‍ ഭരണസമിതി ചുമതലയേല്‍ക്കുമ്പോള്‍ തുടങ്ങിയതാണ്. അന്ന് ലീഗില്‍ പ്രസിഡന്‍റാവേണ്ടതാരെന്ന തര്‍ക്കം മൂത്ത് രണ്ടരവര്‍ഷം വീതം രണ്ടുപേര്‍ക്ക് വീതം വെക്കേണ്ടിവന്നു. 19 ല്‍ 11 പേരാണ് മുന്‍വര്‍ഷം യു.ഡി.എഫിനുണ്ടായിരുന്നത്. ഇത്തവണ ഒമ്പതാവുകയും ഭരണം ഇടതുമുന്നണി പിടിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിനിടെ മണല്‍പാസ് വിതരണത്തിലെയും അതുവഴി ചിലര്‍ വരുമാനമുണ്ടാക്കുന്നതിനെയും ചൊല്ലിയായിരുന്നു പ്രധാന തര്‍ക്കം. ഇത്തവണ ബ്ളോക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട് വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ല. വലിയ വ്യത്യാസമാണ് ചില വാര്‍ഡുകളില്‍. കാവനൂരില്‍ ലീഗിനു പുറമെ കോണ്‍ഗ്രസിലും തര്‍ക്കവും വടംവലിയുമുണ്ടായിരുന്നു. ചാലിയാര്‍, കുഴിമണ്ണ പഞ്ചായത്തുകളിലും യു.ഡി.എഫിന് തിരിച്ചടിയാണ്. ഇരുപഞ്ചായത്തുകളിലും സീറ്റ് തുല്യമായതിനാല്‍ വോട്ടെടുപ്പ് വേണ്ടിവന്നു. കുഴിമണ്ണയില്‍ ലീഗും ചാലിയാറില്‍ ഇടതുമുന്നണിയും അധ്യക്ഷപദം നേടി. ലീഗിന് ഏറെ ആള്‍ബലമുള്ള മേഖലയാണ് കുഴിമണ്ണ. വിജയം പ്രതീക്ഷിച്ച പല വാര്‍ഡുകളും പിടിവിട്ടു. കിഴുപറമ്പ് പഞ്ചായത്തില്‍ ലീഗിന് ഏഴ്, കോണ്‍ഗ്രസിന് ഒന്ന്, സി.പി.എമ്മിന് ആറ് എന്നിങ്ങനെയാണ് കക്ഷിനിലയെങ്കിലും പഞ്ചായത്തില്‍ വോട്ടിങ് നിലയില്‍ സി.പി.എം 1200 വോട്ടിന് മുമ്പിലാണ്. ലീഗ് ആധിപത്യമുള്ള പഞ്ചായത്തില്‍ മികച്ച ഭൂരിപക്ഷത്തിനാണ് ചില വാര്‍ഡുകളില്‍ ഇടതുവിജയം. ഒരിടത്തെ ഭൂരിപക്ഷം 583 വോട്ടാണ്. അരീക്കോട് പഞ്ചായത്തില്‍ യു.ഡി.എഫ് നേടിയ വോട്ടും ജില്ലാ പഞ്ചായത്തിലേക്ക് ഇടതുമുന്നണി നേടിയ വോട്ടും തമ്മിലുള്ള വ്യത്യാസം 400 ല്‍ താഴെയാണ്. ഏറനാട്ടില്‍ കൂടുതല്‍ പരിക്കേല്‍ക്കാതിരുന്നത് എടവണ്ണയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മുഴുവന്‍ പഞ്ചായത്തുകളിലും പി.കെ. ബഷീര്‍ എം.എല്‍.എ ഇടവിട്ട് പ്രചാരണത്തിനത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.