ലീഗ് പിന്തുണയില്‍ എടപ്പറ്റയില്‍ സി.പി.എമ്മിന് ഭരണം

മേലാറ്റൂര്‍: എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി സി.പി.എമ്മിലെ എന്‍.പി. തനൂജ മുഹമ്മദലിയും വൈസ് പ്രസിഡന്‍റായി മുസ്ലിം ലീഗിലെ കെ. മുഹമ്മദ് റാഫിയും തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ ത്രികോണ മത്സരം നടന്ന പഞ്ചായത്തില്‍ ആറ് അംഗങ്ങളുള്ള കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ മുസ്ലിം ലീഗിന്‍െറ രണ്ട് അംഗങ്ങള്‍ സി.പി.എമ്മിനെ പിന്തുണക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കൊമ്പംകല്ല് വാര്‍ഡംഗം തനൂജയും കോണ്‍ഗ്രസിന്‍െറ പുല്ലുപറമ്പ് വാര്‍ഡംഗം ടി.ജെ. മറിയക്കുട്ടിയുമായിരുന്നു സ്ഥാനാര്‍ഥികള്‍. മുസ്ലിം ലീഗ് അംഗങ്ങളായ ചാലില്‍ ഫാത്തിമ, കെ. മുഹമ്മദ് റാഫി എന്നിവര്‍ തനൂജയെ പിന്തുണച്ചതോടെ ഭരണതുടര്‍ച്ചയെന്ന കോണ്‍ഗ്രസ് സ്വപ്നം തകര്‍ന്നു. ലീഗിന്‍െറ മറ്റ് രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഉച്ചക്കുശേഷം നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ലീഗിലെ മുഹമ്മദ് റാഫിയും കോണ്‍ഗ്രസിലെ എം.പി. അബ്ദുല്ലയുമായിരുന്നു മത്സരരംഗത്ത്. ഇതില്‍ റാഫിക്ക് സി.പി.എമ്മിലെ മുഴുവന്‍ പേരും വോട്ട് ചെയ്തു. ലീഗിന്‍െറ രണ്ട് അംഗങ്ങള്‍ വിട്ടുനിന്നപ്പോള്‍ ഏഴ് വോട്ട് നേടി റാഫി വൈസ് പ്രസിഡന്‍റായി. രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കും റിട്ടേണിങ് ഓഫിസര്‍ മേലാറ്റൂര്‍ സബ് രജിസ്ട്രാര്‍ പ്രമില്‍കുമാര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ തവണ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനായിരുന്നു. ലീഗ് കമ്മിറ്റി പിരിച്ചുവിട്ടു; പഞ്ചായത്ത് അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍ മലപ്പുറം: എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി സി.പി.എമ്മുമായി ധാരണയുണ്ടാക്കിയ പഞ്ചായത്ത് അംഗങ്ങളായ റാഫി, റഫീഖ് കുട്ടശ്ശേരി, സി.ടി. ഫാത്തിമ, ചാലില്‍ ഫാത്തിമ എന്നിവരെ സസ്പെന്‍ഡ് ചെയ്തതായും ഇതിന് നേതൃത്വം കൊടുത്ത പഞ്ചായത്ത് ലീഗ് കമ്മിറ്റിയെ പിരിച്ച് വിട്ടതായും സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നിന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.