ബണ്ട് തകര്‍ച്ച തുടര്‍ക്കഥ: കര്‍ഷകര്‍ ദുരിതത്തില്‍

ചങ്ങരംകുളം: വര്‍ഷാവര്‍ഷമുള്ള ബണ്ട് തകര്‍ച്ചയെ തുടര്‍ന്ന് ദുരിതത്തിലായി മേഖലയിലെ കര്‍ഷകര്‍. ബണ്ട് തകര്‍ച്ചക്ക് നഷ്ടപരിഹാരവും കര്‍ഷകര്‍ക്ക് ലഭിച്ചില്ല. ബണ്ടുകള്‍ പുനര്‍ നിര്‍മിക്കാന്‍ ഏറെ പണം ചെലവഴിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് തുലോം തുച്ഛം. പുനര്‍ നിര്‍മാണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും കരാര്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ക്കും പണം ലഭിക്കുമ്പോള്‍ കര്‍ഷകര്‍ വെറും നോക്കുകുത്തികള്‍ മാത്രമാണ്. കര്‍ഷകരുടെ പാഴായ പ്രയത്നത്തിനും ഇറക്കിയ വിത്തിനും പമ്പിങ്ങിനും വന്ന നഷ്ടങ്ങള്‍ക്ക് പരിഹാരം ലഭ്യമാക്കാന്‍ വകുപ്പുമില്ല. കര്‍ഷകരെ ദുരിതത്തിലാക്കുന്ന നിയമ വ്യവസ്ഥിതികള്‍ ഭേദഗതി ചെയ്യാന്‍ അധികൃതര്‍ മുന്‍കൈ എടുക്കുകയും ജനപ്രതിനിധികള്‍ നിയമസഭയില്‍ വിഷയം അവതരിപ്പിച്ച് ഭേദഗതി ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഈ വര്‍ഷം പൊന്നാനി കോള്‍മേഖലയില്‍ ബണ്ടുകള്‍ തകരുകയും ഒരു ബണ്ടില്‍ വിള്ളലേല്‍ക്കുകയും ചെയ്തു. ചിറവല്ലൂര്‍ തെക്കേ കെട്ട് ബണ്ടാണ് ആദ്യം തകര്‍ന്നത്. ഇവിടെ 120 ഏക്കര്‍ കൃഷിയിടം വെള്ളത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് നരണിപ്പുഴ കടുക്കുഴി കോള്‍പടവില്‍ 130 ഏക്കര്‍ കൃഷിയിടവും വെള്ളത്തിലായി. അവസാനം കാട്ടകാമ്പാല്‍ കോള്‍പടവിലും താമരക്കോള്‍പടവിലും ബണ്ട് തകര്‍ന്നു. ഈ വര്‍ഷം തിരുത്തുമ്മല്‍ കോള്‍പടവില്‍ ഒരു ഭാഗത്ത് വിള്ളലേറ്റു. കര്‍ഷകരുടെയും അധികൃതരുടെയും അവസരോചിതമായ ഇടപെടല്‍ മൂലം തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, കോള്‍പടവുകളില്‍ സ്ഥിരം ബണ്ട് സംവിധാനം നിലവില്‍ വന്നിട്ടും ഉണ്ടാകുന്ന തകര്‍ച്ച കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. നല്ല കനത്തില്‍ മണ്ണ് നിക്ഷേപിച്ച് ബലപ്പെടുത്തിയ ബണ്ടുകള്‍ തകര്‍ന്നടിയുമ്പോള്‍ അടിസ്ഥാനപരമായുള്ള വിശകലനവും ശാസ്ത്രീയ പരിശോധനയും നടത്തേണ്ട ആവശ്യകത ഏറെയാണ്. പൂതച്ചേറും ഏറെ വഴുവഴുപ്പുള്ള ചെളിയും ബണ്ടിന്‍െറ അടിത്തറയിളക്കുകയും ബണ്ട് താഴ്ന്നുപോകാന്‍ കാരണമാവുന്നു. ഇത്തരം സ്ഥലങ്ങളില്‍ ശാസ്ത്രീയ പരിശോധന നടത്തി ആവശ്യമായ മുന്‍കരുതലെടുത്ത് പ്രവൃത്തി നടത്തിയാല്‍ ബണ്ട് നിര്‍മാണത്തിലൂടെയുള്ള കോടികള്‍ ചെലവഴിക്കുന്നതിന് ഫലമുണ്ടായേക്കാം. അടിസ്ഥാനമില്ലാതെയും ശാസ്ത്രീയ പഠനം നടത്താതെയുള്ള ബണ്ട് നിര്‍മാണം കോടികള്‍ വെള്ളത്തിലൊഴുക്കാനേ ഉപകരിക്കൂവെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും പലതവണ ബണ്ടുകള്‍ തകര്‍ന്നിട്ടും പരിശോധനകള്‍ക്കോ വിദഗ്ധ പഠനത്തിനോ അധികൃതര്‍ തയാറായില്ളെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.