നിലമ്പൂരിലെ അതിപുരാതന കുളത്തിന് പുതുജീവന്‍; ഡി.ടി.പി.സി 65 ലക്ഷം അനുവദിച്ചു

നിലമ്പൂര്‍: വീട്ടിക്കുത്തില്‍ നഗരസഭയുടെ അധീനതയിലുള്ള അതിപുരാതന കുളം നവീകരിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ രംഗത്ത്. ഒരേക്കറിലുള്ള കുളം 20 വര്‍ഷത്തിലേറെയായി കാടുമൂടി ഉപയോഗശൂന്യമായി കിടക്കുകയാണ്. വീട്ടിക്കുത്ത് ജങ്ഷനില്‍ ഇറിഗേഷന്‍ ഓഫിസുകള്‍ക്ക് സമീപമാണ് കുളമുള്ളത്. നഗരസഭാ കൗണ്‍സിലര്‍ മുജീബ് ദേവശ്ശേരി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ കുളം സന്ദര്‍ശിച്ചു. ശേഷം പുനരുദ്ധരിക്കാന്‍ പദ്ധതി തയാറാക്കുകയായിരുന്നു. കരിങ്കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ കുളം പണ്ട് ജലസേചനത്തിനായി ഉപയോഗിച്ചതാണെന്ന് കരുതുന്നു. 65 ലക്ഷം രൂപ ചെലവിട്ട് കുളം നവീകരിച്ചെടുത്ത് സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. ടൈലുകള്‍ പാകി, ചുറ്റുഭാഗവും കെട്ടി, ഇരിപ്പിടങ്ങളുണ്ടാക്കി കുട്ടികള്‍ക്കും മറ്റും ആസ്വദിക്കാവുന്ന തരത്തിലാണ് പദ്ധതി. നീന്തല്‍ പരിശീലനം നടത്താനും പദ്ധതിയുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി വി. ഉമ്മര്‍കോയ, നഗരസഭ ചെയര്‍പേഴ്സന്‍ പത്മിനി ഗോപിനാഥ്, കൗണ്‍സിലര്‍ മുജീബ് ദേവശ്ശേരി, മുനിസിപ്പല്‍ സെക്രട്ടറി കെ. പ്രമോദ്, ഇറിഗേഷന്‍ വകുപ്പ് എ.ഇ. ഷാജഹാന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.