പരിമിതികള്‍ക്കിടയിലും മുഖം മിനുക്കി എടക്കുളം

തിരുനാവായ: പഞ്ചായത്തിലെ ചരിത്ര-സാംസ്കാരിക കേന്ദ്രമായ എടക്കുളം പരാധീനതകള്‍ക്കിടയിലും മുഖം മിനുക്കി വിരാചിക്കുന്നു. ഒരു കാലത്ത് പഞ്ചായത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായിരുന്ന എടക്കുളം സ്വാതന്ത്ര്യ സമരത്തിന്‍െറ ഭാഗമായ മലബാര്‍ ലഹളയില്‍ മുഖ്യപങ്കുവഹിച്ച പ്രദേശമാണ്. സമരത്തില്‍ പങ്കെടുത്ത നിരവധി പേരെ ബ്രിട്ടീഷ് പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി കാരാഗ്രഹത്തിലടക്കുകയും പലരും ജയിലില്‍ മരിക്കുകയും ചെയ്തിരുന്നു. തിരിച്ചുവന്ന പലര്‍ക്കും പിന്നീട് സ്വാതന്ത്ര്യ സമര പെന്‍ഷന്‍ ലഭിച്ചിരുന്നു. മുമ്പ് പട്ടര്‍നടക്കാവ്, വലിയപറപ്പൂര്‍, നടുവട്ടം, മാണിയങ്കാട്, ചൂണ്ടിക്കല്‍, വൈരങ്കോട്, താഴത്തറ, രാങ്ങാട്ടൂര്‍ മേഖലകളില്‍ നിന്നൊക്കെ ജനങ്ങളാശ്രയിച്ചിരുന്ന ഏറ്റവും വലിയ അങ്ങാടിയായിരുന്നു എടക്കുളം. റെയില്‍വേ സ്റ്റേഷന്‍, സിമന്‍റ് യാര്‍ഡ്, സബ് പോസ്റ്റ് ഓഫിസ്, വില്ളേജ് ഓഫിസ്, മൃഗാശുപത്രി, ചരിത്ര സ്മാരകങ്ങളായ കുന്നമ്പുറം പട്ടാണിശഹീദ് മഖാം, കുത്തുകല്ല്, ചെന്താമരക്കായല്‍, പട്ടാളക്കാര്‍ ഇരച്ചുകയറി സമര ഭടന്മാരെ പിടിച്ചുകൊണ്ടുപോയ എടക്കുളം ജുമാമസ്ജിദ്, ഐ.എസ് കേന്ദ്ര മദ്റസ, പഞ്ചായത്ത് മാര്‍ക്കറ്റ്, ബാങ്കുകള്‍, യു.പി-എല്‍.പി സ്കൂളുകള്‍ എന്നിവയൊക്കെ സ്ഥിതി ചെയ്യുന്നത് എടക്കുളത്താണ്. തിരുനാവായ റെയില്‍വേ മേല്‍പാലം തുറന്നതോടെ എടക്കുളം തെക്ക്-വടക്ക് അങ്ങാടികള്‍ ഉറങ്ങിയെങ്കിലും റെയില്‍വേ സ്റ്റേഷന്‍ സിമന്‍റ് യാര്‍ഡ്, പോസ്റ്റ് ഓഫിസ്, ബാങ്കുകള്‍ എന്നിവയാണ് അങ്ങാടിക്ക് വലിയ കോട്ടംതട്ടാതെ പിടിച്ചുനിര്‍ത്തുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള സി.പി. അഹമ്മദ് ഹാജിയുടെ തുണിക്കട, സി.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, വി.കെ. മൊയ്തീന്‍ ഹാജി എന്നിവരുടെ പലചരക്കുകടകള്‍, സി.പി. സ്റ്റോര്‍, ചെര്‍പ്പുള്ളായി കുഞ്ഞുവിന്‍െറ ചായക്കട എന്നിവ അങ്ങാടിക്ക് അലങ്കാരമായി ഇന്നും നിലകൊള്ളുന്നു. നാടിന്‍െറ വളര്‍ച്ചയില്‍ ഏറെ പങ്കുവഹിച്ച ഒട്ടേറെ സ്ഥാപനങ്ങള്‍ നിര്‍ത്തുകയും സ്ഥലംമാറ്റുകയും ചെയ്തു. മുമ്പത്തെ അങ്ങാടി പള്ളി ജുമാമസ്ജിദായി. കോഴിക്കോട്ടെ വ്യവസായി ശങ്കുണ്ണി മേനോന്‍ തെക്കെ അങ്ങാടിയില്‍ സ്ഥാപിച്ച മതമൈത്രി പള്ളി നവീകരിച്ചു. സംസ്ഥാനത്തെ വലിയ എഫ്.സി.ഐ ഗോഡൗണ്‍ ഇവിടെ സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അധികൃതരെ തെറ്റിദ്ധരിപ്പിച്ചതിനാല്‍ പദ്ധതി പ്രതിസന്ധിയിലാണ്. എടക്കുളം-തെക്ക്-വടക്ക് അങ്ങാടികളെ ബന്ധിപ്പിക്കുന്ന നടപ്പാലം യാഥാര്‍ഥ്യമായെങ്കിലും സിമന്‍റ് യാര്‍ഡിലെ അഞ്ഞൂറോളം വരുന്ന തൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും മഴയും വെയിലും കൊള്ളാതെ ഇരുന്ന് ജോലിചെയ്യാനും നാട്ടുകാര്‍ക്ക് സിമന്‍റ് പൊടിശ്വസിക്കാതിരിക്കാനുമുള്ള സംവിധാനങ്ങള്‍ ഇനിയും ഒരുക്കിയിട്ടില്ല. നൂറ്റാണ്ടോളം പഴക്കമുള്ള സബ് പോസ്റ്റ് ഓഫിസ് സ്ഥലമാറ്റല്‍ ഭീഷണിയിലുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.