14 ഏക്കര്‍ തരിശുഭൂമിയില്‍ നെല്‍കൃഷിയിറക്കി

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയും കരുളായി ഗ്രാമപഞ്ചായത്തും കൈകോര്‍ത്ത് ഏനാന്തി മരുതങ്ങാട് പാടത്തെ 14 ഏക്കര്‍ തരിശുഭൂമിയില്‍ നെല്‍കൃഷിയിറക്കി. 14 ഏക്കറില്‍ നാല് ഏക്കര്‍ നിലമ്പൂര്‍ നഗരസഭയിലും 10 ഏക്കര്‍ കരുളായി പഞ്ചായത്തിലുമാണ്. ടൈല്‍ കമ്പനിക്കാരുടെ മണ്ണ് ഖനനം തടഞ്ഞാണ് കര്‍ഷകകൂട്ടായ്മയില്‍ കൃഷി ഇറക്കിയത്. മുന്‍ നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍. വേലുക്കുട്ടി, ചന്തക്കുന്ന് കടപ്പുമണ്ണില്‍ സ്കറിയ, മകന്‍ ജിനു സ്കറിയ, ജോസഫ് എന്നിവര്‍ ചേര്‍ന്ന് ടൈല്‍ കമ്പനിയില്‍നിന്ന് വയല്‍ പാട്ടത്തിനുവാങ്ങിയാണ് കൃഷിയിറക്കിയത്. ജൈവകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് നിലം ഒരുക്കാന്‍ 6000 രൂപയും ജൈവ വളവും തരിശുഭൂമിയില്‍ കൃഷി ഇറക്കല്‍ പദ്ധതിയിലെ ആനുകൂല്യവും നല്‍കും. കൃഷിയിടത്തിലേക്ക് ജലസേചനത്തിനായി തൊഴിലുറപ്പ് പദ്ധതിയിലൂടെ കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ച് കനാല്‍ നിര്‍മിക്കും. നെല്‍കൃഷിക്ക് പുറമേ ജൈവപച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ഇതിനുള്ള നിലവും ഒരുക്കിക്കഴിഞ്ഞു. കുമ്പളം, പയര്‍, മത്തന്‍, വെള്ളരി, പയര്‍ എന്നിവയാണ് കൃഷി ചെയ്യുക. വിഷമയമായ ഇതരസംസ്ഥാന പച്ചക്കറികള്‍ ഉപേക്ഷിച്ച് സമ്പൂര്‍ണ ജൈവ പച്ചക്കറി കൃഷിയിലേക്ക് ചുവടുവെക്കുന്നതിന്‍െറ ഭാഗമായാണ് പദ്ധതി. കൂടാതെ നിലമ്പൂര്‍ നഗരസഭ 165 ഏക്കറില്‍ ജൈവ നെല്‍കൃഷി ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തും മുന്‍ നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ എന്‍. വേലുക്കുട്ടിയും മുസ്ലിംലീഗ് കൗണ്‍സിലര്‍ ഫിറോസ് ഖാനും ചേര്‍ന്ന് നടീല്‍ യന്ത്രം ഉപയോഗിച്ചുള്ള ഞാര്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീബ പൂഴിക്കുത്ത്, ബ്ളോക്ക് പഞ്ചായത്തംഗം സിബി, കൃഷി ഓഫിസര്‍ അജിത് സിങ്ങ് എന്നിവര്‍ സംസാരിച്ചു. കരുളായിയിലെ മഹിളാ കിസാന്‍ ശാക്തീകരണ യോജനയിലെ വനിതാ കൂട്ടായ്മാണ് നല്ലയിനം ഞാറ് ലഭ്യമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.