വേങ്ങര മണ്ഡലത്തില്‍ രണ്ട് കുടിവെള്ള പദ്ധതി പ്രവൃത്തികള്‍ക്ക് തുടക്കം

തിരൂരങ്ങാടി: വേങ്ങര, ഊരകം, പറപ്പൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ജലനിധിയുടെ മള്‍ട്ടി ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെയും എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെയും പ്രവൃത്തി ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. വേങ്ങര, ഊരകം, പറപ്പൂര്‍ പഞ്ചായത്തുകളിലെ 7,080 കുടുംബങ്ങള്‍ക്ക് വേങ്ങര കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കും. 32 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വേങ്ങര നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും കുടിവെള്ളം ലഭിക്കും. വേങ്ങരയിലെ മിനി പമ്പ് ഹൗസും പറപ്പൂര്‍ കല്ലക്കയത്തെ പമ്പ് ഹൗസും പദ്ധതിക്കായി ഉപയോഗപ്പെടുത്തും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു, വേങ്ങര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കവുങ്ങില്‍ സുലൈഖ, വൈസ് പ്രസിഡന്‍റ് ടി.ടി. ബീരാവുണ്ണി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.പി. ഹസീന ഫസല്‍, പി.കെ. അസ്ലു, ടി.ടി. ആരിഫ എന്നിവര്‍ സംസാരിച്ചു. ജലനിധി പ്രോജക്ട് ഡയറക്ടര്‍ കെ.വി.എം. അബ്ദുല്‍ ലത്തീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ആര്‍. നഗര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എട്ട് കോടിയുടെ പ്രവൃത്തികളാണ് നടത്തുക. കുന്നുംപുറത്ത് പി.എച്ച്. സെന്‍റര്‍ വളപ്പില്‍ പഞ്ചായത്ത് അനുവദിച്ച 20 സെന്‍റ് സ്ഥലത്ത് 50 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജല ശുദ്ധീകരണ ശാല, പദ്ധതിയുടെ സ്രോതസ്സായ കടലുണ്ടിപ്പുഴയിലെ എരഞ്ഞിപ്പിലാക്കല്‍ കടവില്‍ കിണര്‍, പമ്പ് ഹൗസ്, ഡി.ഐ. പമ്പിങ് മെയ്ന്‍ എന്നിവ ആദ്യ ഘട്ടത്തില്‍ സ്ഥാപിക്കും. പദ്ധതിയിലൂടെ 3,000ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.