ദലിത് യുവാവിനെ ബാലുശ്ശേരി പൊലീസ് മർദിച്ചതായി പരാതി ബാലുശ്ശേരി: ദലിത് യുവാവിനെ പൊലീസ് അകാരണമായി മർദിച്ചതായി പരാതി. ബാലുശ്ശേരി ബസ്സ്റ്റാൻഡിനടുത്ത് വയലിൽ ജിത്തുവിനെയാണ് (26) ബാലുശ്ശേരി സി.ഐ ജീവൻ ജോർജ് മർദിച്ചത്. തിങ്കളാഴ്ച രാവിലെ 10ഓടെ കൈരളി റോഡിൽവെച്ചാണ് സംഭവം. ടൗണിൽ ട്രാഫിക് ബ്ലോക്കായതിനെ തുടർന്ന് കൈരളി റോഡ് വഴി ബൈക്കിൽ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന ജിത്തുവിൻെറ ബൈക്കിനു മുന്നിൽ സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പ് പിന്നോട്ടെടുക്കുമ്പോൾ ബൈക്കിൽ ഇടിക്കാതിരിക്കാൻ ജീപ്പിൻെറ ഗ്ലാസിൽ തട്ടി ശ്രദ്ധയിൽപെടുത്തിയതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. ജീപ്പിൽനിന്നിറങ്ങി വന്ന സി.ഐ ജിത്തുവിൻെറ കോളറിൽ പിടിക്കുകയും ബൈക്കിൻെറ താക്കോൽ എടുക്കുകയും തുടർന്ന് അസഭ്യം പറഞ്ഞ് മുഖത്ത് അടിക്കുകയും ചെയ്തതായി ജിത്തു പറഞ്ഞു. അടിയേറ്റതിനെ തുടർന്ന് വായക്കുള്ളിൽ മുറിവേറ്റ ജിത്തുവിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് മൂന്നു തുന്നിടുകയും ചെയ്തിട്ടുണ്ട്. മർദിച്ചിട്ടില്ലെന്നും ജിത്തു പൊലീസിനെ ചീത്തപറയുകയും എസ്.എച്ച്.ഒ ജീവൻ ജോർജിൻെറ കൈയിൽ പിടിച്ചുവലിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത ജിത്തുവിൻെറ പേരിൽ 355, 294 (ബി) പ്രകാരം പൊലീസ് കേസെടുത്തിട്ടുമുണ്ട്. ജോലിക്ക് പോകവേ തടഞ്ഞുനിർത്തി അകാരണമായി മർദിച്ച പൊലീസ് നടപടിക്കെതിരെ റൂറൽ എസ്.പി, ഡിവൈ.എസ്.പി, പട്ടികജാതി വകുപ്പ് എന്നിവർക്ക് പരാതി കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ജിത്തുവിൻെറ കുടുംബം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.