കൂത്തുപറമ്പ് വീണ്ടും തിരക്കിലമർന്നു

കൂത്തുപറമ്പ്: നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ കൂത്തുപറമ്പ് നഗരം ഗതാഗതക്കുരുക്കിലമർന്നു. കോവിഡ് കാലത്തിന് മുമ്പുള്ള അവസ്ഥയിലായിരുന്നു ശനിയാഴ്ച കൂത്തുപറമ്പ് ടൗൺ. നിയന്ത്രണങ്ങൾ ഓരോന്നായി നീക്കം ചെയ്തതോടെ വൻ തിരക്കാണ് രാവിലെ മുതൽ ടൗണിലനുഭവപ്പെട്ടത്. ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗൺ മുന്നിൽക്കണ്ടായിരുന്നു കൂടുതൽ വാഹനങ്ങളും ആളുകളും ടൗണിലെത്തിയത്. അതോടൊപ്പം ഏറെക്കാലത്തിനുശേഷം ബിവറേജസ് ഷോപ്പും ബാറുകളും തുറന്നതും തിരക്ക് വർധിക്കാനിടയാക്കി. രണ്ടു ദിവസങ്ങളായി ബിവറേജസ് ഔട്ട്ലെറ്റ് തുറക്കുന്നുണ്ടെങ്കിലും ബാറുകൾ പ്രവർത്തന സജ്ജമായിരുന്നില്ല. തടസ്സങ്ങൾ നീങ്ങിയതിനെ തുടർന്ന് ഇന്നലെ മുതലാണ് ബാറുകളിലൂടെയുള്ള മദ്യ വിതരണം ആരംഭിച്ചത്. ഇത് നിരവധി ആളുകൾ ടൗണിലെത്തുന്നതിന് കാരണമായി. ശനി, ഞായർ ദിവസങ്ങളിൽ കൂത്തുപറമ്പ് നഗരസഭ പരിധിയിൽ സമ്പൂർണ ലോക്ഡൗണെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, ശനിയാഴ്ചത്തെ സമ്പൂർണ ലോക്ഡൗൺ പിൻവലിക്കുകയാണുണ്ടായത്. അതേസമയം, തിരക്ക് ഗണ്യമായി വർധിക്കുമ്പോഴും ടൗണിൽ പൊലീസ് സാന്നിധ്യം കുറവായിരുന്നു. ക്വാറൻറീനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്ന തിരക്കിലാണ് ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരും. ഇതിനിടയിൽ ഞായറാഴ്ചത്തെ സമ്പൂർണ ലോക് ഡൗൺ പൂർണമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.