കോഴിക്കോട്: പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നവവധു പീഡനത്തിരയായ സംഭവത്തിൽ, പൊലീസുകാരൻ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചത് സേനക്കാകെ മാനക്കേടായി. സ്ത്രീ സുരക്ഷക്കായി പൊലീസ് വലിയ പ്രചാരണം നൽകുന്നതിനിടെയാണ് വലിയ ചർച്ചയായ കേസിൽ പ്രതി രാഹുലിന് വിദേശത്തേക്ക് കടക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നതിന്റെ തെളിവുകൾ പുറത്തുവന്നത്. സംഭവത്തിൽ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ശരത്ലാലിനെ സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ സസ്പെൻഡ് ചെയ്തെങ്കിലും അച്ചടക്ക നടപടി മറ്റുചിലരിലേക്കും നീളുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ആരോപണങ്ങൾ നേരിടുന്നുണ്ട്. ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവർ പ്രതിയെ ഏതെങ്കിലും തരത്തിൽ സഹായിച്ചോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. വിശദാന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ അച്ചടക്ക നടപടിയുണ്ടാകും.
സസ്പെൻഷനിലായ പൊലീസുകാരന്റെ ഫോണിൽ നിന്ന് നിരവധി തവണയാണ് പ്രതി രാഹുലിന്റെ ഫോണിലേക്ക് വിളിച്ചത്. മാത്രമല്ല, ഇരുവരും സ്റ്റേഷനുസമീപം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. വധശ്രമത്തിന് കേസെടുത്താൽ അറസ്റ്റുണ്ടാവുമെന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്ന് നിർദേശിച്ചതും ഈ പൊലീസുകാരനായിരുന്നു. ഇക്കാര്യം നേരത്തെ അറസ്റ്റിലായ രാഹുലിന്റെ സുഹൃത്ത് രാജേഷും അന്വേഷണസംഘം മുമ്പാകെ സ്ഥിരീകരിച്ചിട്ടുണ്ട്.
‘ഇരക്ക് നീതി ഉറപ്പാക്കുന്നതിനുപകരം വേട്ടക്കാരനെ രക്ഷപ്പെടുത്തിയതിൽ’ പൊലീസിനെതിരെ വിവിധ കോണുകളിൽ നിന്ന് വലിയ വിമർശനമാണ് ഉയരുന്നത്. മൊബൈൽ ഫോണിന്റെ ചാർജർ കേബിൾ കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചെന്ന് യുവതി മൊഴിനൽകിയിട്ടും ആദ്യം വധശ്രമത്തിന് കേസെടുക്കാത്തത് വീഴ്ചയായി കണ്ട് പന്തീരാങ്കാവ് എസ്.എച്ച്.ഒ എ.എസ്. സരിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിലും വലിയ വീഴ്ചയാണ് കേസിന്റെ വിവരം ചോർത്തി പൊലീസുകാരൻ പ്രതിക്ക് രക്ഷപ്പെടാൻ ഒത്താശ ചെയ്തതോടെ ഉണ്ടായതെന്നാണ് വിമർശനം. മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, ഡി.വൈ.എഫ്.ഐ, പ്രതിപക്ഷ സംഘടനകൾ അടക്കമുള്ളവ ഇതിനകം പൊലീസിനെതിരെ പരസ്യവിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം, വിദേശത്തുള്ള രാഹുലിനെ കണ്ടെത്താൻ നിലവിൽ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.