ഇരിട്ടി: പ്രളയത്തെ തുടർന്ന് മലയോരത്തെ പുഴകളിൽ അടിഞ്ഞ ചളിയും മരങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കാൻ ധാരണ. ഇരിട്ടി തഹസിൽദാർ വിളിച്ചുചേർത്ത മേഖലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ബാവലി, വളപട്ടണം, ബാരാപോൾ പുഴകളിൽ അടിഞ്ഞ അവശിഷ്ടങ്ങളും ചളിയുമാണ് നീക്കംചെയ്യുക. അതത് പുഴയോര പഞ്ചായത്തുകളിലെ ഭരണസമിതി നിർദേശിക്കുന്ന ഇടങ്ങളിൽനിന്നാണ് ഇവ ആദ്യം നീക്കുക. കാലവർഷത്തിന് മുമ്പ് സമയമുണ്ടെങ്കിൽ മറ്റു പ്രദേശങ്ങളിലും എക്കൽ നീക്കാൻ ധാരണയായതായി യോഗ തീരുമാനം വിശദീകരിച്ച് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. പൊതുമേഖല സ്ഥാപനമായ കേരള ക്ലേസ് ആൻഡ് സെറാമിക്‌സിൻെറ നിയന്ത്രണത്തിലായിരിക്കും ഇവ നീക്കുക. ടെൻഡർ നടപടികളില്ലാതെ സ്വകാര്യ സംരംഭകർക്ക് ഇവ നീക്കാനായിരുന്നു അനുമതി നൽകിയിരുന്നത്. ഇതിൻെറ മറവിൽ പുഴകളിലെ മണൽ കൊള്ളയടിക്കുകയാണെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം പ്രതിഷേധം ഉണ്ടായിരുന്നു. തുടർന്ന് പ്രവൃത്തി തടസ്സപ്പെടുകയും ചെയ്തു. തുടർന്നാണ് തഹസിൽദാർ യോഗം വിളിച്ചത്. സണ്ണി ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ ബ്ലോക്ക് ഓഫിസിൽ അടച്ചിട്ടമുറിയിൽ നടന്ന മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ചളി നീക്കാൻ ധാരണയിലെത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങൾ യോഗത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിൽ ബാരാപോൾ പുഴയിൽ നടന്ന പ്രവൃത്തി തടഞ്ഞതിനെ പായം പഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകൻ വിമർശിച്ചു. ചളിയും മറ്റും നീക്കേണ്ടത് ആവശ്യമാണെന്നും എന്നാൽ, ഇതിന് വ്യവസ്ഥ വേണമെന്നുമുള്ള എം.എൽ.എയുടെ നിർദേശം അംഗീകരിച്ചാണ് തീരുമാനം. യോഗത്തിൽ തഹസിൽദാർ കെ.കെ. ദിവാകരനു പുറമെ മേഖലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഷിജി നടുപറമ്പിൽ, ഷീജ സെബാസ്റ്റ്യൻ, എൻ. അശോകൻ, കെ.ശ്രീജ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ, ജില്ല പഞ്ചായത്ത് അംഗം തോമസ് വർഗീസ്, സിറാമിക്‌സ് എം.ഡി അശോക് കുമാർ, മാനേജർ ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു. പുഴയിൽനിന്ന് ചളിയും മറ്റ് അവശിഷ്ടങ്ങളും നീക്കുമ്പോൾ ലഭിക്കുന്ന വിഭവങ്ങൾ ഇവർക്ക് ചെലവിനായി ഉപയോഗപ്പെടുത്താമെന്നും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.