മുക്കം: വെല്ലുവിളി ഉയർത്തി ഭീഷണിപ്പെടുത്തിയാലും ഭയപ്പെടുകയോ ആരോപണത്തിൽ നിന്നും ഒട്ടും പിന്തിരിയുകയില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ജോർജ് എം. തോമസ് എം.എൽ.എക്ക് മറുപടിയായാണ് യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡൻറ് സഹീർ എരഞ്ഞോളിയുടെ നേതൃത്വത്തിൽ ഇക്കാര്യം പറഞ്ഞത്. വസ്തുതകൾ നന്നായി പഠിച്ചാണ് ഞങ്ങൾ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചത്. എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്. തങ്ങൾ നടത്തുന്ന നിർമ്മാണ പ്രവൃത്തിയിൽ മാറ്റം വരുത്തുവാൻ സാധിക്കുമെന്ന അവകാശവാദം പൂർണമായും തെറ്റാണ്. സർക്കാർ ഉത്തരവ് മറികടക്കാൻ മറ്റൊരു സർക്കാർ ഉത്തരവിലൂടെ അല്ലാതെ സാധിക്കുകയില്ല. 13 കോടിയുടെ എസ്റ്റിമേറ്റിൽ ഏഴ് കോടി സർക്കാറിലേക്ക് തിരിച്ചടക്കുമെന്ന് പറഞ്ഞത് അഴിമതി നടത്താനുള്ള ശ്രമമാണ്. തൻെറ മണ്ഡലത്തിൽ നടക്കുന്ന കാര്യങ്ങൾ എം.എൽ.എ. അറിയുന്നില്ല എന്നതിന് തെളിവാണ് റോഡിൻെറ നവീകരണവുമായി ബന്ധപ്പെട്ട് 148 മരങ്ങൾ മുറിച്ചു മാറ്റാൻ സാധിക്കാതെ വന്നത്. വാർത്താസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ സജീഷ് മുത്തേരി, സൂഫിയാൻ ചെറുവാടി, തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സഹീർ എരഞ്ഞോളി, മുക്കം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ജുനൈദ് പാണ്ടികശാല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.