കണ്ണൂർ: കർശന ലോക്ഡൗൺ മാനദണ്ഡങ്ങളോടെ തൊഴിലുറപ്പ് പദ്ധതിക്ക് ജില്ലയിൽ തുടക്കം. കണ്ടെയ്ൻമൻെറ് സോണിൽപെട്ട 22 ഗ്രാമപഞ്ചായത്തുകളിൽ ഒഴികെയാണ് പദ്ധതിക്ക് തുടക്കമായത്. ജില്ലയിൽ 11 ബ്ലോക്കുകളിലും 71 ഗ്രാമപഞ്ചായത്തുകളിലുമായി മൊത്തം 2.23 ലക്ഷം തൊഴിൽ കാർഡ് നൽകിയിട്ടുണ്ട്. 1.05 ലക്ഷം കാർഡ് സജീവ തൊഴിൽ പങ്കാളികളാണെന്ന് അധികൃതർ അറിയിച്ചു. സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് ഒരു മാസത്തിലധികം പ്രവൃത്തികൾ പൂർണമായും നിർത്തിവെച്ചിരുന്നു. പിന്നീട് ഘട്ടങ്ങളായി വിവിധ പഞ്ചായത്തുകളിൽ പ്രവൃത്തികൾ പുനരാരംഭിക്കുകയായിരുന്നു. സാമൂഹിക അകലം, മാസ്ക്കുകൾ തുടങ്ങി കോവിഡ് –19 സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. സമൂഹമായി ചെയ്യേണ്ട പ്രവൃത്തികൾ അഞ്ചുപേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞാണ് ചെയ്യുന്നത്. കോവിഡ് ലോക്ഡൗൺ നീക്കിയാലുടൻ പ്രവൃത്തികൾ പൂർണതോതിൽ പുനരാരംഭിക്കുന്നതിന് മുന്നൊരുക്കമെല്ലാം നടത്തിയതായി അധികൃതർ അറിയിച്ചു. ജലസംരക്ഷണം, വരൾച്ച ദുരിതാശ്വാസ പ്രവൃത്തികൾ, വെള്ളപ്പൊക്ക നിയന്ത്രണത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ തുടങ്ങിയ പ്രവൃത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്. വ്യക്തിഗത ജീവനോപാധിക്കു പുറമെ സുസ്ഥിര ആസ്തി നിർമിതിക്കും പ്രാധാന്യം നൽകിയാവും പ്രവൃത്തികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.