കോഴിക്കോട്: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മാവൂര്‍ റോഡ് അരയിടത്തുപാലം ഓവുചാൽ വികസനം ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാർക്കും കടക്കാർക്കും ദുരിതം തീർക്കുന്നു. സുസ്ഥിരനഗരവികസന പദ്ധതിയിൽ പണി തുടങ്ങി പാതിവഴിക്കായതോടെയാണ് 'അമൃതി'ല്‍പെടുത്തി നവീകരിക്കുന്നത്. 310 മീറ്റർ നീളത്തിലുള്ള പണിയാണ് പൂർത്തിയാക്കേണ്ടതെങ്കിലും മഴയും പ്രളയവും തടസ്സമായി. മഴമാറിയെങ്കിലും കോണ്‍ക്രീറ്റിടൽ പണി ഇഴയുകയാണെന്നാണ് പരാതി. വ്യാപാരം പകുതിയോളം നഷ്ടപ്പെട്ടതായി സമീപത്തെ കടക്കാർ പറയുന്നു. പല കടകളും അടച്ചുപൂട്ടി. ചെറിയ താൽകാലിക പാലം വഴിയാണ് കടകളിലെത്തേണ്ടത് എന്നതിനാൽ മിക്കയാളുകളും ഭയന്ന് പിന്മാറുന്നു. ഇരുനില കെട്ടിടങ്ങളിലും മറ്റുമായി നൂറോളം കടകളാണ് ഈ ഭാഗത്തുള്ളത്. പണി തുടങ്ങിയതിനുശേഷം കച്ചവടം തീരെ കുറഞ്ഞെന്നാണ് പരാതി. പണി നിശ്ചിത കാലത്തിനിടക്ക് പൂർത്തിയായിട്ടില്ലെങ്കിൽ പിഴയീടാക്കാവുന്ന വിധത്തിലാണ് കരാർ. എന്നാൽ, മഴയും മറ്റും കാരണം മൂന്നുമാസത്തേക്ക് നിർമാണ കാലാവധി കരാറുകാർക്ക് നീട്ടിക്കൊടുത്തിട്ടുണ്ട്. മൊത്തം 41.43 കോടിയുടെ പദ്ധതിയിൽ ഉൾപ്പെട്ട നഗരത്തിലെ മറ്റ് ഭാഗങ്ങളിലെ ഓവുചാൽ പണിയും ഇഴഞ്ഞുനീങ്ങുന്നുവെങ്കിലും തിരക്കേറിയ പാതയെന്ന നിലയിൽ നഗരവാസികളെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത് മാവൂർ റോഡിലെ പണിയാണ്. ചളിനീക്കി, വീതി കൂട്ടുക, പാര്‍ശ്വഭിത്തി കെട്ടുക, പുതിയ ഓവ് പണിയുക എന്നിവയെല്ലാം പദ്ധതിയിലുണ്ട്. മാവൂർ റോഡിനൊപ്പം പാളയം-സാമൂതിരി ക്രോസ്, കനോലി കനാല്‍, വൈ.എം.ആര്‍.സി റോഡ്-മില്ലത്ത് കോളനി, അഴകൊടി ക്ഷേത്രം-കനോലി കനാൽ, നടാഞ്ചേരി അയ്യങ്കാര്‍ റോഡ്-കല്ലായ്പ്പുഴ, ബെന്‍സ് ഓട്ടോമൊബൈല്‍സ്-പാസ്‌പോര്‍ട്ട് ഓഫിസ്-കനോലി കനാല്‍, ഗുരുക്കള്‍ റോഡ്-പി.എം. കുട്ടി റോഡ്-കനോലി കനാല്‍, കാട്ടുവയല്‍-സെയില്‍സ് ടാക്‌സ്-കനോലി കനാല്‍, ബി.കെ കനാല്‍, പീപ്ള്‍സ് റോഡ്-കാരപ്പറമ്പ് എച്ച്.എസ്.എസ്-കനോലി കനാല്‍ തുടങ്ങിയവയും നന്നാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.