വെളിച്ചമുദിക്കുന്ന നേരം രഞ്ജനയെത്തും ചൂടൻ വാർത്തകളുമായി

പെരുമണ്ണ: കോരിച്ചൊരിയുന്ന മഴയായാലും തണുപ്പുള്ള മഞ്ഞായാലും പെരുമണ്ണയുടെ ഇടവഴികളിൽ വെളിച്ചമുദിക്കുന്ന നേരം രഞ്ജനയുടെ സൈക്കിൾയാത്രയിപ്പോൾ പതിവുകാഴ്ചയാണ്. പുത്തൂർമഠം മുതൽ പെരുമണ്ണ കോളശ്ശേരി താഴം വരെ നൂറോളം വീടുകളിൽ അതിരാവിലെ പത്രം വിതരണം ചെയ്യുകയാണ് ഈ പതിനെട്ടുകാരി. രാവിലെ ശാരീരിക വ്യായാമത്തിന് വഴി ആലോചിച്ചപ്പോഴാണ് രഞ്ജന പത്രവിതരണത്തെ കുറിച്ച് ചിന്തിച്ചത്. നടക്കാവ് എം.ഇ.എസിൽ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായ രഞ്ജനക്ക് വ്യായാമത്തിനൊപ്പം വട്ടച്ചെലവിനുള്ളതുകൂടി ഒപ്പിക്കാമെന്ന തിരിച്ചറിവിലാണ് പത്രവിതരണം തെരഞ്ഞെടുത്തത്. വീട്ടിൽ പത്രമിടുന്ന വിദ്യാർഥി വഴി പെരുമണ്ണയിലെ 'മാധ്യമം' ഏജൻറ് കെ.പി. മുഹമ്മദ് കുട്ടിയെ സമീപിച്ചു. രാവിലെ ആറുമണിയോടെ പുത്തൂർമഠത്തിൽനിന്ന് പത്രക്കെട്ടെടുത്ത് വിതരണം തുടങ്ങും. ഒരു മണിക്കൂർകൊണ്ട് തൻെറ ഏരിയ പൂർത്തിയാക്കും. മഴയാണെങ്കിൽ മഴക്കോട്ടിട്ടാണ് യാത്ര. വീട്ടുകാർ ഉണരുംമുമ്പുതന്നെ ഗേറ്റിലും കോലായിലും ചൂടൻ വാർത്തകളുമായി രഞ്ജന എത്തിയിരിക്കും. എല്ലാം തീർത്ത് എട്ടരയോടെ കോളജിലേക്കിറങ്ങും. പത്രവിതരണത്തിൽ മാത്രമല്ല, മാസാന്ത ബില്ല് കലക്ഷനിലും രഞ്ജന സമർഥയാണെന്ന് ഏജൻറ് മുഹമ്മദ് കുട്ടി പറയുന്നു. വരിക്കാരുടെ പണം കൃത്യമായി വാങ്ങി എത്തിച്ചുതരുന്നുണ്ട്. പത്രവിതരണത്തിനുള്ള മകളുടെ ആഗ്രഹത്തിന് രക്ഷിതാക്കളായ എളേരി രവീന്ദ്രനും ജയശ്രീയും നല്ല പിന്തുണ നൽകുന്നുണ്ട്. ടൈൽ തൊഴിലാളിയായ രവീന്ദ്രനും സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായ ജയശ്രീക്കും സ്വന്തം ചെലവ് കണ്ടെത്താനുള്ള മകളുടെ താൽപര്യം ആശ്വാസം പകരുന്നുണ്ട്. ചേച്ചിക്ക് 'കട്ട സപ്പോർട്ടു'മായി അനിയത്തി ആര്യനന്ദയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.