ബൈപാസ് റോഡ് വരുന്നതിനെതിരെ എതിർപ്പ് രൂക്ഷം; സർവകക്ഷിസംഘത്തെ നാട്ടുകാർ തടഞ്ഞു

ബാലുശ്ശേരി: ബാലുശ്ശേരി ബൈപാസ് റോഡിൻെറ നിർദിഷ്ട അലൈൻമൻെറ് പരിശോധിക്കാൻ പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരടങ്ങിയ സർവകക്ഷിസംഘത്തെ നാട്ടുകാർ തടഞ്ഞു. ബൈപാസ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകളിലെ കുടുംബങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം സർവകക്ഷി യോഗം വിളിക്കുകയും സർവകക്ഷിസംഘം ബൈപാസ് റോഡിൻെറ അലൈൻമൻെറ് പരിശോധിക്കാൻ തീരുമാനിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് തിങ്കളാഴ്ച രാവിലെ പത്തരയോടെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാടിൻെറ നേതൃത്വത്തിൽ സർവകക്ഷിസംഘം എട്ടാം വാർഡിൽപ്പെട്ട കോഓപറേറ്റിവ് കോളജിനടുത്ത പൈക്ക വയലിൽ എത്തിയത്. പൊതുമരാമത്ത് വകുപ്പ് ഓവർസിയറും ഒപ്പമുണ്ടായിരുന്നു. സ്ഥലത്തെത്തിയ സംഘത്തെ 200ഓളം വരുന്ന സ്ത്രീകളടക്കമുള്ള നാട്ടുകാർ തടയുകയും ബൈപാസിനെതിരെ പ്രതിഷേധമുയർത്തുകയും ചെയ്തു. ജനവാസ കേന്ദ്രത്തിലൂടെ ബൈപാസ് റോഡ് നിർമിക്കാൻ അനുവദിക്കില്ലെന്നും എന്തു വില കൊടുത്തും പ്രതിരോധിക്കുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. കൈരളി റോഡ്, പൊന്നരം തെരു, തെക്കെയിൽ വയൽ ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾ ബൈപാസ് റോഡ് വരുന്നതോടെ വഴിയാധാരമാകുമെന്നും വർഷങ്ങളായി ഇവിടെ ജീവിച്ചു വരുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കൊണ്ട് പുതിയ ജീവിതം കെട്ടിപ്പടുക്കാനാകില്ലെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സർവകക്ഷിസംഘം പരിശോധന നിർത്തി തിരിച്ചു പോകുകയായിരുന്നു. പ്രദേശവാസികളുടെ എതിർപ്പിനെ മറികടന്ന് ബൈപാസ് സർവേ നടത്താൻ കഴിയില്ലെന്നും സർക്കാർ തീരുമാനത്തിനനുസരിച്ച് അനന്തര നടപടികൾക്കായി കാത്തിരിക്കാമെന്നും പ്രസിഡൻറ് അറിയിച്ചു. സർവകക്ഷി സംഘത്തിൽ സി. രാജൻ, വി.സി. വിജയൻ, കെ. ഗോപിനാഥൻ, എം.കെ. സമീർ, സി. അശോകൻ, വി.പി. ഷൈജു, വാർഡ് അംഗങ്ങളായ ബീന കാട്ടുപറമ്പത്ത്, സുമ വെള്ളച്ചാലൻ കണ്ടി എന്നിവരുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.