* 2004 ആവർത്തിക്കും * ഇടതുപക്ഷം 18 സീറ്റിൽ ജയിക്കും * വർഗീയതയെ എതിർക്കേണ്ടിവരുമ്പോൾ കോൺഗ്രസിൻെറ ശബ്ദം പതറുന്നു മേപ ്പയൂർ: വർഗീയത പത്തിവിടർത്തി അഴിഞ്ഞാടുന്ന ചരിത്ര സന്ദർഭത്തിൽ ഇടതുപക്ഷത്തിനെതിരായി രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യത്തിന് തുരങ്കം വെക്കുകയല്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്ക് സ്ഥാനാർഥി പോലുമില്ലാത്ത വയനാട് മണ്ഡലത്തിലാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. പി. ജയരാജൻെറ വിജയത്തിനായി മേപ്പയൂരിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ തകർക്കാൻ ഒന്നിക്കണമെന്ന സമീപനം കോൺഗ്രസിനില്ല. യു.പിയിൽ എസ്.പി-ബി.എസ്.പി സഖ്യത്തോട് പുറംതിരിഞ്ഞുനിന്ന് ബി.ജെ.പി വിരുദ്ധ വോട്ട് ശിഥിലീകരിക്കുന്നു. എ.എ.പിയുമായി ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ സഖ്യമില്ല. ബംഗാളിലും ഇതു തന്നെ സ്ഥിതി. അഭയാർഥികളുടെ പൗരത്വ പ്രശ്നത്തിൽ ആർ.എസ്.എസ് അംഗീകരിക്കുന്ന വിഭാഗങ്ങൾക്കു മാത്രം പൗരത്വം നൽകുകയെന്നതാണ് മോദിയുടെ നയം. മുസ്ലിംകൾക്ക് പൗരത്വം നൽകില്ല. കശ്മീരി ജനതയെ വിശ്വാസത്തിലെടുക്കാതെ പ്രത്യേക അവകാശം എടുത്തുകളയാനാണ് ബി.ജെ.പി നീക്കം. ഇത്തരം കാര്യങ്ങൾ വരുമ്പോൾ കോൺഗ്രസിൻെറ ശബ്ദം പതറുന്നു. വർഗീയതയെ എതിർക്കേണ്ടി വരുമ്പോൾ കോൺഗ്രസിന് ഉറച്ചുനിൽക്കാൻ കഴിയുന്നില്ല. ത്രിപുരയിൽ ബി.ജെ.പി വളർന്നത് കോൺഗ്രസാകെ ബി.ജെ.പിയിലേക്ക് പോയതുകൊണ്ടാണ്. ഗുജറാത്തിൽ എട്ട് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലാണിപ്പോൾ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുഴുവൻ കോൺഗ്രസ് ഗവൺമൻെറുകളായിരുന്നു. അവിടെയെല്ലാം ഇപ്പോൾ ബി.ജെ.പിയാണ്. മഹാരാഷ്ട്രയിലെ കോൺഗ്രസുകാരനായ പ്രതിപക്ഷ നേതാവ് ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ടുപിടിക്കുന്നു. ഹൈകമാൻഡിൻെറ പ്രത്യേക അനുമതിയുണ്ടെന്നാണ് നേതാവിൻെറ വിശദീകരണം. കേരളത്തിലെ ഒരു സ്ഥാനാർഥിയുടെ പരസ്യം ഞാൻ ബി.ജെ.പിയിൽ ചേരില്ല എന്നാണ്. ഇതാണ് കോൺഗ്രസിൻെറ ഗതികേട്. ഇവിടെ കോൺഗ്രസിൻെറയും ബി.ജെ.പിയുടെയും മുഖ്യശത്രു ഇടതുപക്ഷമാണ്. ബി.ജെ.പി വോട്ട് വലിയ വിലക്കാണ് വിൽക്കുന്നത്. നിയമസഭയിൽ ബി.ജെ.പി അക്കൗണ്ട് തുടങ്ങിയത് കോൺഗ്രസ് വോട്ടുകൊണ്ടാണ്. പരസ്യമായി സഖ്യം ചേരാൻ ഭയമായതിനാൽ കോലീബി സഖ്യം രഹസ്യമാണ്. ശബരിമല പ്രശ്നം കൊണ്ട് വിജയിച്ചുകളയാം എന്നത് ബി.ജെ.പിയുടെ വ്യാമോഹമാണ്. നരേന്ദ്ര മോദി പറയുന്നതുപോലെ അയ്യപ്പൻമാരെയല്ല ഭക്തരെയും സ്ത്രീകളെയും ആക്രമിച്ചവരെയാണ് ഈ സർക്കാർ ജയിലിലടച്ചത്. ശബരിമലയെ കലാപകേന്ദ്രമാക്കാൻ ശ്രമിച്ചപ്പോൾ നിയമവാഴ്ചയുള്ള ഒരു സംസ്ഥാനത്ത് എന്താണോ ചെയ്യേണ്ടത് അതു മാത്രമാണ് സർക്കാർ ചെയ്തത്. വർഗീയതക്കും സാമ്പത്തിക നയത്തിനുമെതിരെ ബദൽ നയമുള്ള സർക്കാർ കേരളത്തിൽ മാത്രമാണുള്ളത്. ഈ തെരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കുമെന്നും 18 ൽ കുടുതൽ സീറ്റ് എൽ.ഡി.എഫ് നേടുമെന്നും പിണറായി പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ, സി.കെ. നാണു എം.എൽ.എ, പി. മോഹനൻ, എ. പ്രദീപൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, കെ. കുഞ്ഞിരാമൻ, എം.എ. ലത്തീഫ് കാസർകോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.