ഹർത്താലിൽ ജനം വലഞ്ഞു; പേരാമ്പ്രയിൽ വാഹനങ്ങൾ തടഞ്ഞു

പേരാമ്പ്ര: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച നടന്ന ഹർത്താൽ ജനങ്ങളെ ഏറെ വലച്ചു. പലരും ജോലിക്ക് പോകാനും മറ്റും വീട്ടിൽനിന്ന് ഇറങ്ങിയപ്പോഴാണ് ഹർത്താൽ വിവരമറിയുന്നത്. ഹോട്ടൽ വ്യാപാരികൾക്ക് വൻ നഷ്ടമുണ്ടായി. മിക്ക ഹോട്ടലുകളിലും ഹർത്താലറിയാതെ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കിയിരുന്നു. പേരാമ്പ്രയിൽ നിരവധി സ്വകാര്യ ബസ് ജീവനക്കാർ ഹർത്താൽ അറിയാതെ രാവിലെ സർവിസ് നടത്താൻ ബസ്സ്റ്റാൻഡിലെത്തിയിരുന്നു. ഹർത്താൽ വിവരമറിഞ്ഞതോടെ തൊഴിലാളികളിൽ പലരും തിരിച്ചുപോയെങ്കിലും രാത്രി ഇവിടെ നിർത്തിയിടുന്ന വാഹനങ്ങളിലെ തൊഴിലാളികൾ വലഞ്ഞു. ആശുപത്രിയിലേക്ക് പോകാനായി ടൗണിലെത്തിയവരും ഹർത്താലിനിരയായി. പേരാമ്പ്ര ചെമ്പ്ര റോഡ് ജങ്ഷനിലും കല്ലോട്ടും ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പലപ്പോഴും പൊലീസ് കാഴ്ചക്കാരായി നിന്നു. രാവിലെ കെ.എസ്.ആർ.ടി.സിയും തടഞ്ഞിരുന്നു. കോഴിക്കോട്ടുനിന്ന് രാവിലെ 11ഓടെ മൂന്നു കെ.എസ്.ആർ.ടി.സി ബസുകൾ പൊലീസ് സംരക്ഷണത്തിൽ കുറ്റ്യാടി, തൊട്ടിൽപാലം ഭാഗങ്ങളിലേക്ക് സർവിസ് നടത്തി. മാധ്യമ പ്രവർത്തക സാനിയോ മനോമിയും ഭർത്താവ് ജൂലിയസ് നികിതാസും സഞ്ചരിച്ച കാർ പേരാമ്പ്രയിലും തടഞ്ഞിരുന്നു. വൈകീട്ട് ഹർത്താൽ അനുകൂലികളും ഡി.വൈ.എഫ്.ഐയും പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.