ഫിഷിങ്​ ഹാർബർ പതിവുപോലെ സജീവം

ബേപ്പൂർ: ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും ആഹ്വാനം ചെയ്ത ഹർത്താൽ ബേപ്പൂരിൽ ഭാഗികമായിരുന്നു. ഹർത്താൽ ആഹ്വാനം രാത്രി വൈകി പ്രഖ്യാപിച്ചതിനാൽ പാർട്ടി അണികൾപോലും അറിയാൻ വൈകി. മാത്തോട്ടം, അരക്കിണർ, ബേപ്പൂർ ഭാഗങ്ങളിൽ അതിരാവിലെ ഏതാനും കടകൾ തുറന്നെങ്കിലും പിന്നീടു വന്ന ഹർത്താലനുകൂലികൾ കടകളടക്കാൻ നിർദേശിക്കുകയായിരുന്നു. പോസ്റ്റ്ഒാഫിസിലും ബാങ്കുകളിലും ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ കയറിച്ചെന്ന് അടക്കാൻ നിർദേശിച്ചു. ഫിഷിങ് ഹാർബറിൽ പതിവുപോലെ കാലങ്ങളായി ഹര്‍ത്താലോ ബന്ദോ പണിമുടക്കോ ബാധിക്കാത്ത ബേപ്പൂര്‍ മത്സ്യബന്ധന മേഖല ശനിയാഴ്ചത്തെ ഹര്‍ത്താലിലും പതിവുപോലെ പ്രവർത്തിച്ചു. ഹാർബർ റോഡിലെ കടകമ്പോളങ്ങൾ പൂർണമായും തുറന്നു. ഐസും വെള്ളവും കയറ്റി ചെറുതും വലുതുമായ വാഹനങ്ങൾ സർവിസ് നടത്തി. അന്യസംസ്ഥാനങ്ങളിലേക്കും പോകേണ്ട ശീതീകരണ സംവിധാനമുള്ള വലിയ ലോറികൾ മത്സ്യം കയറ്റി നിർത്തിയിട്ടതിനുശേഷം ഹർത്താൽ സമയം കഴിഞ്ഞശേഷമാണ് സർവിസ് നടത്തിയത്. ചെറുകിട കച്ചവടക്കാർക്കുള്ള മത്സ്യവിൽപന തകൃതിയായി നടന്നു. വലപ്പണിക്കാർ സാധാരണപോലെ ജോലിയിൽ ഏർപ്പെട്ടു. ഹാർബറിൽ ഡീസൽ പമ്പുകൾ പതിവുപോലെ പ്രവർത്തിച്ചു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പരമ്പരാഗതമായി ഐക്യത്തോടെ സ്വീകരിച്ചുവരുന്ന തീരുമാനത്തെത്തുടര്‍ന്നാണ് തുറമുഖത്തെ പ്രവര്‍ത്തനം ഒരിക്കലും നിലക്കാത്തത്. പുലിമുട്ട് വിനോദസഞ്ചാര കേന്ദ്രത്തിൽ ഒഴിവുദിനംപോലെ ധാരാളം സഞ്ചാരികൾ എത്തി. ജങ്കാർ സർവിസ് നടത്തിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.