ഒരാഴ്ചക്കിടെ വാഹനാപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

കൊടുവള്ളി: വാഹനാപകടങ്ങളിൽ ഓരാഴ്ചക്കിടെ നഗരസഭ പരിധിയിൽ പൊലിഞ്ഞത് മൂന്നുപേർ. വെള്ളിയാഴ്ച പുലർച്ച ദേശീയപാത 766ൽ താമരശ്ശേരി ചുങ്കം ജങ്ഷനു സമീപം കാറും ലോറിയും കൂട്ടിയിടിച്ചു കാരാട്ട് റസാഖ് എം.എല്‍.എയുടെ സഹോദരന്‍ അപ്പക്കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (46) മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കുറ്റി സ്വദേശി ഹാരിസ് സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വയനാട്ടില്‍നിന്ന് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇവരെ പുറത്തെടുത്തെങ്കിലും ഗഫൂര്‍ മരിച്ചിരുന്നു. ഗഫൂറി​െൻറ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് കൈമാറിയത്. വിദേശത്തായിരുന്ന കാരാട്ട് റസാഖ് എം.എല്‍.എ അപകടവിവരം അറിഞ്ഞ് വെള്ളിയാഴ്ച ഒമ്പതരയോടെ നാട്ടിലെത്തി. മൃതദേഹം വീട്ടിൽ പൊതുദർശനത്തിനുവെച്ചു. രാത്രി 10 മണിയോടെ കൊടുവള്ളി ജുമാമസ്ജിദിൽ മയ്യത്ത് നമസ്കാരം നടന്നു. കൊടുവള്ളി ലൈറ്റ്നിങ് സ്പോർട്സ് ക്ലബ് മെംബറായിരുന്ന ഗഫൂർ കൊടുവള്ളിയിലെ ജീവകാരുണ്യ പ്രവർത്തകനായിരുന്നു. ബുധനാഴ്ച വൈകീട്ട് 5.45ഓടെ തുഷാരഗിരി-കാപ്പാട് പാതയിലെ കൊടുവള്ളി-മാനിപുരം റോഡില്‍ മുത്തമ്പലം വെളിച്ചണ്ണ മില്ലിനടുത്തുണ്ടായ അപകടത്തിലാണ് നവവരന്‍ മാനിപുരം കുണ്ടത്തില്‍ കെ.പി. അലിയുടെ മകന്‍ മുഹമ്മദ്‌ റാഷിദ് (23) മരിച്ചത്. മാനിപുരത്ത് നിന്ന് കൊടുവള്ളി ഭാഗത്തേക്ക് വരുന്നതിനിടെയാണ് റാഷിദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടായിരുന്നു മരണം. ദുബൈയിൽ ലുലു മാളിൽ ജോലി ചെയ്യുന്ന റാഷിദ് രണ്ടുമാസം മുമ്പാണ് നാട്ടിൽവന്നത്. ഒരുമാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു ഖബറടക്കം നടന്നത്. സെപ്റ്റംബർ 27നാണ് ദേശീയപാത 766ൽ വാവാട് അങ്ങാടിയിൽ കാൽനടക്കാരനായ വയോധികൻ മേലെ പനമ്പൊടിച്ചാലിൽ മൂത്തോറൻ (73) മരണപ്പെട്ടത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മുത്തോറനെ കോഴിക്കോടുനിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്ഥിരം അപകടമേഖലയായിരുന്ന വാവാട് റോഡിൽ പരിഷ്കരണ പ്രവൃത്തികൾ നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.