മാവൂരിൽ കടകളിൽ ആരോഗ്യവകുപ്പ്^ഗ്രാമപഞ്ചായത്ത് സംയുക്ത പരിശോധന

മാവൂരിൽ കടകളിൽ ആരോഗ്യവകുപ്പ്-ഗ്രാമപഞ്ചായത്ത് സംയുക്ത പരിശോധന മാവൂർ: അങ്ങാടിയിലെ കടകളിലും മാർക്കറ്റിലും ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി മിന്നൽ പരിശോധ‌ന നടത്തി. രണ്ട് കടകളിൽനിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ബേക്കറി സാധനങ്ങൾ പിടിച്ചെടുത്തു. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ചിക്കൻ സ്റ്റാളുകൾക്ക് നോട്ടീസ് നൽകി. മാലിന്യസംസ്കരണ സംവിധാനം ഒരുക്കുകയോ ഇതിന് സാധ്യമായില്ലെങ്കിൽ അടച്ചുപൂട്ടുകയോ ചെയ്യാനാണ് നിർദേശം നൽകിയത്. ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചിക്കൻ കടകളിൽനിന്നുള്ള മാലിന്യം തള്ളുകയും ഇതുകാരണം കാട്ടുപന്നി, തെരുവുനായ് ശല്യം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. 34 കടകളിൽ പരിശോധന നടത്തിയതിൽ 10 ശതമാനം കടകൾക്കുപോലും ലൈസൻസ് കാണിക്കാനായില്ല. ലൈസൻസ് പ്രദർശിപ്പിക്കുകയോ ഉദ്യോഗസ്ഥരെ കാണിക്കുകയോ ചെയ്യാത്ത കടകൾക്ക് ഹാജരാക്കാൻ ഒരാഴ്ച സമയംകൊടുത്തിട്ടുണ്ട്. ലൈസൻസില്ലാത്ത കടകൾ പ്രവർത്തിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കടയുടമകളെ അറിയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ കടകളിലും പരിശോധന പൂർത്തിയാക്കിയശേഷം ഗ്രാമപഞ്ചായത്തുമായി കൂടിയാലോചിച്ച് ലൈസൻസ് അദാലത്ത് നടത്തും. മാവൂർ-കോഴിക്കോട് മെയിൻ റോഡിൽ തിയറ്ററിനു സമീപം അനധികൃത നിർമാണം പൊളിച്ചുനീക്കി. കെട്ടാങ്ങൽ റോഡിലെ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ നിർദേശിച്ചിട്ടുണ്ട്. അനധികൃത കടകൾ പൊളിച്ചുമാറ്റാൻ നടപടി എടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് പറഞ്ഞു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്ദുൽ മജീദ്, ജെ.എച്ച്.ഐമാരായ സി. ആരിഫ്, എം. പ്രവീൺ, പി.വി. സുരേഷ് കുമാർ പഞ്ചായത്ത് ക്ലർക്ക് അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.