നിപ സേവനം: ജോലിക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ വിവേചനമെന്ന് പരാതി

കോഴിക്കോട്: നിപകാലത്ത് മെഡിക്കൽ കോളജിൽ സേവനമനുഷ്ഠിച്ചവരെ സ്ഥിരപ്പെടുത്തുന്ന നടപടിയിൽ കടുത്ത വിവേചനമെന്ന് പരാതി. അർഹരായ പലരെയും പുറത്തുനിർത്തിയാണ് സ്ഥിരപ്പെടുത്താനുള്ള ലിസ്റ്റ് സർക്കാറിന് സമർപ്പിച്ചതെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ഒരുവിഭാഗം ശുചീകരണത്തൊഴിലാളികളും നഴ്സിങ് അസിസ്റ്റൻറുമാരും ആരോഗ്യമന്ത്രി കെ.കെ. ശൈലജ, കലക്ടർ യു.വി. ജോസ്, എ. പ്രദീപ്കുമാർ എം.എൽ.എ, പ്രിൻസിപ്പൽ ഡോ.വി.ആ‍ർ. രാജേന്ദ്രൻ തുടങ്ങിയവർക്ക് പരാതി നൽകി. നിപകാലത്ത് പ്രത്യേക നിയമനം നടത്തിയ ജീവനക്കാരിൽ കുറച്ചുപേരെയാണ് നഴ്സിങ് സൂപ്രണ്ട് ഓഫിസിൽനിന്ന് സ്ഥിരപ്പെടുത്താനായി നിർദേശം നൽകിയത്. ഇതിൽ തങ്ങൾക്കുശേഷം വന്നവരെപ്പോലും ഉൾപ്പെടുത്തിയതായി പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. നിപക്കാലത്ത് പനി വാർഡിൽ മാത്രം ജോലിചെയ്ത വെറും 30 പേരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നും ഇതി​െൻറ മൂന്നിരട്ടി തൊഴിലാളികൾ നിലനിൽക്കെ അനർഹരായവരെ തിരുകിക്കയറ്റിയെന്നും ചൂണ്ടിക്കാട്ടി മുൻകാല ശുചീകരണ തൊഴിലാളികളുടെ സംഘടനയായ അഴിമതിവിരുദ്ധ സമിതിയും രംഗത്തെത്തിയിട്ടുണ്ട്. സ്ഥിരംജോലിക്കായി സമർപ്പിച്ച 30പേരുടെ ലിസ്റ്റിലുള്ള ശുചീകരണ വിഭാഗത്തിലെ 13 ജീവനക്കാരിൽ ഏഴുപേരും നിപ വ്യാപനഘട്ടത്തിനുശേഷം ജോലിയിൽ പ്രവേശിച്ചവരാണെന്ന് ഇവർ പറഞ്ഞു. ഒരേസമയം, ജോലിക്ക് പ്രവേശിച്ച എട്ട് നഴ്സിങ് അസിസ്റ്റൻറുമാരിൽ ഒരാളെ മാത്രമാണ് പട്ടികയിൽപെടുത്തിയതെന്നും പരാതിക്കാർ ഉന്നയിച്ചു. നിപ വൈറസ് വ്യാപനഘട്ടത്തിൽ ജോലിചെയ്തവരാണ് ഒഴിവാക്കപ്പെട്ടവരിൽ പലരും. എന്നാൽ, നിപകാലത്ത് സേവനമനുഷ്ഠിച്ചവരുടെ ലിസ്റ്റ് െമഡിക്കൽ കോളജിൽ രൂപവത്കരിച്ച പ്രത്യേക കമ്മിറ്റിയുടെ വിശദപരിശോധനക്ക് ശേഷമാണ് അയച്ചതെന്നാണ് ആധികൃതരുടെ വിശദീകരണം. അർഹരായവരെ പുറത്തുനിർത്തിയതായോ അനർഹർ കയറിക്കൂടിയതായോ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.