ഇന്ധന വിലക്കയറ്റം: ഹർത്താലിലില്ലാതെ ബേപ്പൂർ ഫിഷിങ് ഹാർബർ

ബേപ്പൂർ: ഇന്ധന വില വര്‍ധനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫും യു.ഡി.എഫും രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ ആഹ്വാനം ചെയ്ത ഹർത്താൽ ബേപ്പൂരിൽ ഭാഗികം. ഹർത്താലും പണിമുടക്കും ബാധിക്കാത്ത ബേപ്പൂർ ഫിഷിങ് ഹാർബർ തിങ്കളാഴ്ചയും പതിവുപോലെ സജീവമായിരുന്നു. ഒരാഴ്ചക്കുള്ളിൽ ബേപ്പൂരിലെ രണ്ടാമത് ഹർത്താലായിരുന്നു തിങ്കളാഴ്ച. ബേപ്പൂർ അങ്ങാടിയിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് തൊട്ടുള്ള കെട്ടിടത്തിൽ അനധികൃത മൊബൈല്‍ ടവര്‍ നിർമാണം നടത്തുന്നതിനിടെ ഇരുമ്പ് സ്പാനര്‍ വീണ് മൂന്ന് സ്‌കൂള്‍ വിദ്യാർഥിനികള്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ബേപ്പൂരില്‍ ജനകീയ ഹര്‍ത്താല്‍ നടത്തിയിരുന്നു. ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖ പരിസരത്തെ കടകകൾ തുറന്നു. വാഹനങ്ങൾ സർവിസ് നടത്തി. വലിയ ലോറികളടക്കം മത്സ്യം കയറ്റി സർവിസ് നടത്തി. ചെറുകിട കച്ചവടക്കാർക്കുള്ള മത്സ്യ വിൽപനയും നടന്നു. വലപ്പണിക്കാർ സാധാരണപോലെ ജോലിയിൽ ഏർപ്പെട്ടു. ഹാർബറിൽ ഡീസൽ പമ്പുകൾ പ്രവർത്തിച്ചു. ആയിരക്കണക്കിന് ലിറ്റർ ഡീസലാണ് പമ്പുകളിൽനിന്ന് ദിനേന ബോട്ടുകാർ നിറച്ചുപോകുന്നത്. അടിക്കടിയുള്ള ഡീസൽ വിലവർധന മത്സ്യമേഖലക്ക് വലിയ പ്രയാസം നേരിടുന്നുണ്ട്. എന്നിട്ടുപോലും വില വർധനക്കെതിരെയുള്ള ദേശീയ ഹർത്താലിനോട് സഹകരിക്കാൻ ബോട്ടുടമകളോ തൊഴിലാളികളോ തയാറായില്ല. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പരമ്പരാഗതമായി ഐക്യത്തോടെ സ്വീകരിച്ചുവരുന്ന തീരുമാനത്തെത്തുടര്‍ന്നാണ് തുറമുഖത്തെ പ്രവര്‍ത്തനം ഒരിക്കലും നിലക്കാത്തത്. ബേപ്പൂർ കയർ ഫാക്ടറിയിൽ തൊഴിലാളികൾ ജോലിക്ക് എത്താത്തതു കാരണം പ്രവർത്തനം തടസ്സപ്പെട്ടു. ബേപ്പൂർ ബസ്സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന അറുപതോളം ബസുകൾ സർവിസ് നിർത്തിെവച്ചു. മോട്ടോർ സൈക്കിളുകളും സ്വകാര്യ കാറുകളും സാധാരണപോലെ നിരത്തിലിറങ്ങി. ഓട്ടോറിക്ഷകൾ സർവിസ് നിർത്തിവെച്ചു. പുലിമുട്ട് വിനോദസഞ്ചാര കേന്ദ്രത്തിൽ ഒഴിവുദിനംപോലെ ധാരാളം സഞ്ചാരികൾ എത്തി. ജങ്കാർ സർവിസ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.