കുന്ദമംഗലം: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്ദമംഗലം മണ്ഡലത്തിൽ യു.ഡി.എഫിന് 9407 വോട്ടിന്റെ ലീഡ്. തരംഗത്തിൽ യു.ഡി.എഫിന് അഞ്ച് പഞ്ചായത്തുകളിൽ ലീഡ് നേടാനായി. നേരത്തെ കിട്ടാതിരുന്ന ചാത്തമംഗലം, പെരുമണ്ണ പഞ്ചായത്തുകൾ തിരിച്ചുപിടിക്കാനും കഴിഞ്ഞു. നിലവിൽ കുന്ദമംഗലം, ചാത്തമംഗലം, പെരുവയൽ, മാവൂർ, പെരുമണ്ണ പഞ്ചായത്തുകളിൽ ഭരണം യു.ഡി.എഫിനാണ്. എൽ.ഡി.എഫിന് ഒളവണ്ണ പഞ്ചായത്ത് മാത്രമാണ് നിലനിർത്താനായത്. അവിടെ യു.ഡി.എഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
കുന്ദമംഗലം പഞ്ചായത്തിൽ യു.ഡി.എഫ് 15938 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫ് 12064 വോട്ടാണ് നേടിയത്. എൻ.ഡി.എ 8282 വോട്ടും നേടി. ഇവിടെ യു.ഡി.എഫിന്റെ ലീഡ് 3874 വോട്ടാണ്. മാവൂർ പഞ്ചായത്തിൽ യു.ഡി.എഫ് 10570 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫ് 8729 വോട്ടാണ് നേടിയത്. എൻ.ഡി.എ 2118 വോട്ട് നേടി. 1841 വോട്ടിന്റെ ലീഡാണ് മാവൂരിൽ യു.ഡി.എഫിനുള്ളത്. പെരുവയൽ പഞ്ചായത്തിൽ യു.ഡി.എഫ് 16300 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫിന് 13902 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. എൻ.ഡി.എ 5262 വോട്ട് നേടി. 2398 വോട്ടാണ് യു.ഡി.എഫിന്റെ ലീഡ്.
20 വർഷത്തിന് ശേഷം ഭരണം തിരിച്ചുപിടിച്ച ചാത്തമംഗലം പഞ്ചായത്തിൽ യു.ഡി.എഫ് 13810 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫ് 12831 വോട്ടാണ് നേടിയത്. എൻ.ഡി.എ 5023 വോട്ട് നേടി. ഇവിടെ യു.ഡി.എഫിന് 979 വോട്ടിന്റെ ലീഡാണുള്ളത്. പെരുമണ്ണ പഞ്ചായത്തിൽ യു.ഡി.എഫ് 13382 വോട്ടും എൽ.ഡി.എഫ് 11148 വോട്ടും നേടി. എൻ.ഡി.എ 3387 വോട്ടാണ് നേടിയത്. 2234 വോട്ടിന്റെ ലീഡാണ് യു.ഡി.എഫിന്.
ഒളവണ്ണ പഞ്ചായത്തിലാണ് എൽ.ഡി.എഫിന് ആകെ ലീഡ് നേടാൻ സാധിച്ചത്. ഇവിടെ എൽ.ഡി.എഫ് 19450 വോട്ട് നേടിയപ്പോൾ യു.ഡി.എഫിന് 17531 വോട്ടാണ് നേടാൻ കഴിഞ്ഞത്. എൻ.ഡി.എക്ക് ഇവിടെ 8006 വോട്ടുണ്ട്. 1919 വോട്ടിന്റെ ലീഡ് എൽ.ഡി.എഫിനുണ്ട്. കുന്ദമംഗലം മണ്ഡലത്തിൽ മൊത്തം യു.ഡി.എഫിന് 87531 വോട്ടും എൽ.ഡി.എഫിന് 78124 വോട്ടും എൻ.ഡി.എക്ക് 32078 വോട്ടുമാണ് നേടാൻ കഴിഞ്ഞത്. യു.ഡി.എഫിന് 9407 വോട്ടിന്റെ ലീഡ്.
ഒളവണ്ണ പഞ്ചായത്തിൽ നിന്നാണ് യു.ഡി.എഫിനും എൽ.ഡി.എഫിനും കൂടുതൽ വോട്ട് നേടാൻ കഴിഞ്ഞതെങ്കിലും കുന്ദമംഗലം പഞ്ചായത്തിൽനിന്നാണ് യു.ഡി.എഫിന് കൂടുതൽ ലീഡ് നേടാൻ സാധിച്ചത്. മാവൂർ പഞ്ചായത്തിൽനിന്നാണ് യു.ഡി.എഫിനും എൽ.ഡി.എഫിനും ഏറ്റവും കുറവ് വോട്ട് ലഭിച്ചത്. എൻ.ഡി.എക്ക് കൂടുതൽ വോട്ട് നേടാൻ സാധിച്ചത് കുന്ദമംഗലം പഞ്ചായത്തിൽനിന്നാണ്.
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഈ മേൽക്കൈ യു.ഡി.എഫിന് ആശ്വാസമാണ്. ലീഗിന്റെ സീറ്റാണെങ്കിലും കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി കോൺഗ്രസിലെ ദിനേശ് പെരുമണ്ണയാണ് മത്സരിച്ചത്.
അന്ന് പി.ടി.എ. റഹീം കുന്ദമംഗലം മണ്ഡലത്തിൽനിന്ന് 10,276 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽനിന്ന് എം.കെ. രാഘവന് 23251 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.