പ്രളയം തകർത്ത കർഷക സ്വപ്നങ്ങൾക്ക് കരുത്തായി കൃഷി ഉദ്യോഗസ്ഥർ

പന്തീരാങ്കാവ്: പ്രളയത്തിൽ കൃഷി നശിച്ച് ഭീമനഷ്ടം നേരിടുന്ന കർഷകർക്ക് പ്രതീക്ഷയുടെ ഉണർവു പകർന്ന് കൃഷി ഉദ്യാഗസ്ഥർ. കൃഷി അസിസ്റ്റൻറുമാരുടെ സംഘടന, കേരള അഗ്രികൾചറൽ അസിസ്റ്റൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷിയിടങ്ങളിൽ വീണ്ടും പച്ചപ്പൊരുക്കാൻ സഹായവുമായെത്തിയത്. ചാലിയാർ കരകവിഞ്ഞതോടെ നൂറുകണക്കിന് വാഴത്തൈകൾ നഷ്ടപ്പെട്ട പെരുമണ്ണ പുറ്റേക്കടവിലെ കൃഷിയിടങ്ങളിൽ ഗുണമേന്മയുള്ള വാഴക്കന്ന് സൗജന്യമായി എത്തിച്ച് അസോസിയേഷൻ പ്രവർത്തകർതന്നെ നടുകയായിരുന്നു. കുമ്മായമിട്ട് നിലമൊരുക്കിയതും പ്രവർത്തകർ തന്നെയാണ്. കർഷകരായ കഴിമ്പാട്ടിൽ ഷാജി, കുന്നുമ്മൽ ചായിച്ചൻ, കുഴിമ്പാട്ടിൽ ബാലൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് വാഴക്കന്ന് നട്ടത്. കന്ന് ദൗർലഭ്യത്തെ തുടർന്ന് വളയത്തുനിന്നാണ് ആയിരത്തോളം കന്നുകളെത്തിച്ചത്. ജില്ലതല ഉദ്ഘാടനമാണ് പെരുമണ്ണയിൽ നടന്നത്. 25ഓളം പ്രവർത്തകരാണ് കൃഷിയൊരുക്കാൻ ഇവിടെയെത്തിയത്. ജില്ലയിൽ കൃഷിനാശം സംഭവിച്ച മറ്റിടങ്ങളിലും കർഷകർക്ക് കൈത്താങ്ങായി വരുംദിവസങ്ങളിൽ പ്രവർത്തനമുണ്ടാവുമെന്ന് ഭാരവാഹികൾ പറഞ്ഞു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സി. ഉഷ, ഗ്രാമപഞ്ചായത്ത് അംഗം എൻ.കെ. ഷരീഫ, ടി. നിസാർ, എം. രാധാകൃഷ്ണൻ, അസോസിയേഷൻ ഭാരവാഹികളായ പി. ഷാജി, ഇ.കെ. സജി, എം. റെനീഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.