ഫോറസ്​റ്റ്​ ഓഫിസുകളിലെ മൂന്നാംമുറ അവസാനിപ്പിക്കണം: മലയോര കർഷക ആക്​ഷൻ കമ്മിറ്റി

പേരാമ്പ്ര: കർഷകരെയും തൊഴിലാളികളെയും കള്ളക്കേസുകളിൽ കുടുക്കി അന്യായമായി കസ്റ്റഡിയിലെടുത്ത് ഫോറസ്റ്റ് ഓഫിസിൽ കൊണ്ടുവന്ന് മൂന്നാംമുറ പ്രയോഗിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് മലയോര കർഷക ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വനനിയമങ്ങൾ ലംഘിക്കുന്നവരെ പ്രതികളാക്കി നിയമാനുസൃതം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നതിനുള്ള അധികാരമേ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കുള്ളൂവെന്നും പ്രതികളാക്കി കുറ്റംചുമത്തുന്നവരെ മർദിക്കാനുള്ള അധികാരം ഭരണഘടന പ്രകാരം ഉദ്യോഗസ്ഥന്മാർക്കില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ പ്രതികളെ കൊണ്ടുവന്ന് അതിക്രൂരമായി മർദിക്കുന്നതു സംബന്ധിച്ച് പൊതു ജനങ്ങളിൽനിന്ന് അനവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഒ.ഡി. തോമസ് പറഞ്ഞു. ഫോറസ്റ്റ് അധികൃതരുടെ മൂന്നാംമുറ പീഡനത്തെ സംബന്ധിച്ച് മുഖ്യമന്ത്രി, വനംമന്ത്രി, ചീഫ് സെക്രട്ടറി, ജില്ല കലക്ടർ, വനം സെക്രട്ടറി, ഫോറസ്റ്റ് കൺസർവേറ്റർ എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചു. പുന്നത്തറ പത്മനാഭൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പൂനൂർ, ബേബി വയലിട, സന്തോഷ് കോനുക്കുന്നേൽ, സണ്ണി കലവനാൽ, കൃഷ്ണൻകുട്ടി ബാലുശ്ശേരി, ജോർജ് ഒറ്റപ്ലാക്കൽ, സൂപ്പി തെരുവത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.