ഫറോക്ക്: തർക്കം നിലനിൽക്കുന്ന പുറ്റേക്കാട് മഹല്ലിൽ ഖബർസ്ഥാന് വേണ്ടിയുള്ള സ്ഥലത്തെ കാട് വൃത്തിയാക്കുകയായിരുന്നവർക്കു നേരെ പൊലീസ് ലാത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പുറ്റെക്കാട് മഹല്ല് ജുമുഅത്ത് പള്ളി കമ്മിറ്റി ആരോപിച്ചു. ഞായറാഴ്ച കമ്മിറ്റി എക്സിക്യൂട്ടിവ് തീരുമാനപ്രകാരം ഹർത്താൽ ദിനമായ തിങ്കളാഴ്ച രാവിലെ മഹല്ല് വാസികളുടെ നേതൃത്വത്തിൽ കമ്മിറ്റി നേരത്തേ വാങ്ങിയ സ്ഥലത്ത് ശുചീകരണ ശ്രമദാനം തീരുമാനിച്ചിരുന്നു. ഈ പ്രവൃത്തി നടന്നുകൊണ്ടിരിക്കെ ഫറോക്ക് പൊലീസ് എത്തി ലാത്തിവീശുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നെന്ന് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം മജ്ലിസുന്നൂർ ചടങ്ങ് ഒരു വിഭാഗം ആളുകൾ അലങ്കോലപ്പെടുത്തുകയും സംഘർഷവും സംഘട്ടനവും നടന്നിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശുകയും ചെയ്തു. കലക്ടറുടെ ഉത്തരവ് വരുന്നതു വരെ പള്ളിയുമായി ബന്ധപ്പെട്ട് യാതൊന്നും സ്ഥാപിക്കരുതെന്നും നീക്കം ചെയ്യരുതെന്നും പൊലീസ് ഇരു വിഭാഗത്തിനും മുന്നറിയിപ്പ് നൽകിയതായി ഫറോക്ക് എസ്.ഐ അനിൽകുമാർ പറഞ്ഞു. അതിന് വിപരീതമായി ഒരു വിഭാഗം പള്ളിപ്പറമ്പിൽ ഗേറ്റ് സ്ഥാപിക്കാൻ ഒരുങ്ങിയെങ്കിലും പൊലീസ് തടയുകയായിരുന്നു. ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും പൊലീസിനെ കണ്ട് അവിടെ തടിച്ചുകൂടിയവർ ഓടുകയായിരുന്നെന്നും എസ്.ഐ പറഞ്ഞു. സംഘർഷസാധ്യതയുള്ളതിനാൽ തിങ്കളാഴ്ച രാവിലെ മുതൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.