നവദമ്പതികൾ കൊല്ലപ്പെട്ടിട്ട് രണ്ടു മാസം; ബന്ധുക്കൾ നിയമ പോരാട്ടത്തിന്

* ഇരുട്ടിൽതപ്പി അന്വേഷണ സംഘം മാനന്തവാടി: തൊണ്ടർനാട് കണ്ടത്തുവയൽ പൂരിഞ്ഞിയിൽ നവദമ്പതികൾ കൊല്ലപ്പെട്ടിട്ട് വ്യാഴാഴ്ച രണ്ടു മാസം തികയുമ്പോഴും പ്രതികളെ പിടികൂടാനാകാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുന്നു. പൊലീസ് അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബം നിയമപോരാട്ടത്തിന് തയാറെടുക്കുന്നതായി സൂചനയുണ്ട്. ബന്ധുക്കൾ തമ്മിൽ ആശയ വിനിമയം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് അടുത്ത ബന്ധു 'മാധ്യമ'ത്തോട് പറഞ്ഞു. മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ മുപ്പതംഗ പ്രത്യേക അന്വേഷണ സംഘം വിശ്രമമില്ലാതെ അന്വേഷണം നടത്തിയിട്ടും കൊലപാതക കാരണംപോലും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരുമാസം മുമ്പു തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സ്ഥലം എം.എല്‍.എയുടെ ഇടപെടലിലൂടെ നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട പ്രകാരം സാവകാശം നല്‍കുകയായിരുന്നു. എന്നാല്‍, ജില്ലയിലുണ്ടായ പ്രളയത്തിനിടെ കേസ് സംബന്ധിച്ച തുടര്‍നടപടികളെല്ലാം നിലച്ചു. കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമ്മർ ‍(26), ഭാര്യ ഫാത്തിമ (19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ടു പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതു രണ്ടും കണ്ടെത്താന്‍ പൊലീസ് നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെയും വിജയിച്ചിട്ടില്ല. സ്വര്‍ണം കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍ എന്നിവയുടെ സഹായം പൊലീസ് തേടിയിരുന്നു. ഇരുമ്പുവടി, കനമുള്ള പൈപ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് അടിച്ചുകൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഡോഗ്‌സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ സഹായത്തോടെ നടത്തിയ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്. വീടിനോടനുബന്ധിച്ചുള്ള കുളിമുറിയില്‍നിന്നു മറ്റും ലഭിച്ച കാല്‍പാദത്തി​െൻറ അടയാളങ്ങള്‍വെച്ച് വിശദമായ തിരിച്ചറിയല്‍ പരേഡുകള്‍ നടത്തിയെങ്കിലും ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ ജീവിത പശ്ചാത്തലവും കുടുംബ സാമൂഹിക പശ്ചാത്തലവും വെച്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് മോഷണമല്ലാതെ മറ്റൊരുകാരണവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന മറ്റു സ്വര്‍ണങ്ങളും വീട്ടിലുണ്ടായിരുന്ന പണവും നഷ്ടപ്പെടാത്തത് അന്വേഷണസംഘത്തെ കുഴക്കുകയുണ്ടായി. വീടുമായി ഒരിക്കലെങ്കിലും പരിചയപ്പെട്ടവരോ പ്രദേശത്തെ ആരുടെയെങ്കിലും സഹായത്തോടെയോ നടത്തിയ കൃത്യമാവാമെന്നായിരുന്നു പൊലീസ് നിരീക്ഷിച്ചത്. ഇതിനോടകം നിരവധി സമാന കേസുകളിലുള്‍പ്പെട്ടവരെ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയുണ്ടായി. തെളിവുകള്‍ ഒന്നുംതന്നെ അവശേഷിക്കാതെ നടത്തിയ കൃത്യമായതിനാല്‍ ഇതരസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തേക്കാൾ കൂടുതലായി പ്രഫഷനലുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം മുന്നോട്ടുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.