വാഹനങ്ങളുടെ അമിത വേഗവും അക്രമസംഭവങ്ങളും; എന്‍.പി.ആര്‍. ക്യാമറ ആവശ്യം ശക്തമാകുന്നു

കൊടുവള്ളി: റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും അമിത വേഗത്തില്‍ അപകടങ്ങളുണ്ടാക്കി കടന്നുപോകുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിന് കൊടുവള്ളിയിലും മറ്റു പ്രധാന ടൗണിലും പരിസരങ്ങളിലും എൻ.പി.ആര്‍ കാമറ (നമ്പര്‍ പ്ലേറ്റ് റീഡര്‍ കാമറ) സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രവാസിയെ ബൈക്കിലെത്തിയ സംഘം കഴിഞ്ഞ ദിവസം നെല്ലാങ്കണ്ടിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് മദ്യ-ലഹരി സംഘം കൊടുവള്ളിയിൽ കടക്കാരനെ കുത്തിപ്പരിക്കേൽപിച്ചത്. നെല്ലാങ്കണ്ടിയിലെ സംഘത്തെ കെണ്ടത്താന്‍ പൊലീസിന് തടസ്സമാകുന്നത് വാഹനത്തി​െൻറ നമ്പര്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്തതാണ്. പരിസരത്തെ ചില സ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറകളില്‍ പതിഞ്ഞെങ്കിലും നമ്പര്‍ വ്യക്തമല്ല. സംഭവസമയം പ്രദേശത്ത് ആരും ദൃക്സാക്ഷികളില്ലാതെ പോയതും പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി. കാമറകള്‍ സ്ഥാപിക്കുന്നതിനായി കാരാട്ട് റസാക്ക് എം.എൽ.എ ആസ്തി വികസന ഫണ്ടില്‍നിന്ന് കൊടുവള്ളിയില്‍ 10 ലക്ഷവും താമരശ്ശേരിയില്‍ 15 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ആസ്തി വികസന ഫണ്ടിൽനിന്ന് ഇതിനായി ഉപയോഗിക്കാൻ പറ്റാത്തതിനാൽ പ്രത്യേകാനുമതിക്കായി കാത്തിരിക്കുകയാണ്. നിലവാരമുള്ള കാമറകള്‍ സ്ഥാപിച്ച് പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കാമറ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കാരാട്ട് റസാക്ക് എം.എൽ.എ പറഞ്ഞു. കൊടുവള്ളി ഓപണ്‍ എയര്‍ സ്റ്റേജ് പരിസരം, ബസ്സ്റ്റാന്‍ഡ്, മാർക്കറ്റ് റോഡ് തുടങ്ങിയ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചാല്‍ ഇത്തരത്തില്‍ കടന്നുപോകുന്ന അക്രമികളെ കണ്ടെത്തുന്നത് എളുപ്പമാകും. ദേശീയപാതയില്‍ കാമറ സ്ഥാപിക്കുന്നതിലൂടെ അക്രമികളെ ഉടന്‍ കണ്ടെത്താനും റോഡിലെ ഇത്തരം കൈയേറ്റങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാനും കഴിയും. അമിത വേഗത്തില്‍ വാഹനമോടിച്ച് അക്രമമുണ്ടാക്കുന്നവരെ നിലക്കുനിര്‍ത്താനും കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.