കടലുണ്ടിയിൽ കുടിവെള്ള മുടക്കം: ഉദ്യോഗസ്ഥ യോഗത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കടലുണ്ടി: ജല അതോറിറ്റിയുടെ കക്കാട് പദ്ധതിയിൽ നിന്നുള്ള കുടിവെള്ളം മുടങ്ങി ഒരാഴ്ചയായിട്ടും പരിഹാരമുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മലാപ്പറമ്പ് ജല അതോറിറ്റി യോഗത്തിൽ കയറി പ്രതിഷേധിച്ചു. സൂപ്രണ്ടിങ് എൻജിനീയർ മൊയ്തീൻകുട്ടി വിളിച്ചുചേർത്ത ഉദ്യോഗസ്ഥ യോഗത്തിലാണ് പ്രതിഷേധം നടന്നത്. ജല അതോറിറ്റിയുടെ കക്കാട് പദ്ധതി ജപ്പാൻ പദ്ധതിയുമായി സംയോജിപ്പിച്ചാണ് വിതരണം ചെയ്യുന്നത്. ജപ്പാൻ പദ്ധതി വിതരണക്കുഴലിലെ സമ്മർദം അതിജീവിക്കാനാകാതെ വിതരണക്കുഴൽ പലയിടങ്ങളിലും പൊട്ടി വെള്ളം പാഴാകുക പതിവായപ്പോൾ അറ്റകുറ്റപ്പണികൾക്ക് പകരം കടലുണ്ടി, ചാലിയം ഭാഗത്തേക്കുള്ള പമ്പിങ് തന്നെ നിർത്തിവെക്കുകയായിരുന്നു. വട്ടപ്പറമ്പ്, കടുക്കബസാർ, ചാലിയം ജങ്ഷൻ തുടങ്ങി പലയിടത്തും കുഴലുകൾ പൊട്ടിയിട്ടുണ്ട്. കടുക്കബസാറിൽ 20 ലക്ഷത്തോളം മുടക്കി ഉൾബന്ധിത കട്ടകൾ പാകി നവീകരിച്ച പ്രവൃത്തി ജലക്കുഴൽ പൊട്ടി നശിക്കുകയാണ്. ഇതിന് പരിഹാരമുണ്ടാക്കുന്നതിന് പകരം പമ്പിങ് നിർത്തി ജലവിതരണം തടസ്സപ്പെടുത്തിയതിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മലാപ്പറമ്പിൽ ചെന്ന് പ്രതിഷേധം നടത്തിയത്. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥർ ചർച്ചക്ക് തയാറാകുകയും ബുധനാഴ്ച രാത്രിയോടെ പമ്പിങ് പുനരാരംഭിക്കാമെന്ന് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ എക്സിക്യൂട്ടിവ് എൻജിനീയർ സുരേഷ് ബാബു ഉറപ്പുനൽകുകയും ചെയ്താണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്. കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി എം. ഷിബു, പി. മുഹമ്മദ് യാസീം, കടലുണ്ടി പഞ്ചായത്ത് അംഗം ഷാഹിദ് കടലുണ്ടി, എൻ.വി. നജീബ്, പ്രേംനാഥ് കടലുണ്ടി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. പടം.. kudivellam10.jpg kudivellam20.jpg കടലുണ്ടിയിൽ കുടിവെള്ള വിതരണം മുടങ്ങിയതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മലാപ്പറമ്പിലെ ജല അതോറിറ്റി ഓഫിസിൽ ഉദ്യോഗസ്ഥ യോഗത്തിലേക്ക് കയറി പ്രതിഷേധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.