കുന്ദമംഗലം: കുന്ദമംഗലം മഹല്ലിൽ തെരഞ്ഞെടുപ്പ് നടപടി തുടങ്ങി. വഖഫ് ബോർഡ് നിയമിച്ച അഡ്വക്കറ്റ് കമീഷൻ എ.പി. സുജിത്ത് കരട് വോട്ടർ പട്ടിക പള്ളി നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് നടത്തണമെന്ന വഖഫ് ബോർഡ് വിധിക്കെതിരെ മഹല്ല് ഭരണസമിതി ഹൈകോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ചതോടെയാണ് നടപടി തുടങ്ങിയത്. എ.പി വിഭാഗം സുന്നികളുടെ നേതൃത്വത്തിൽ ഭരണമുള്ള ഇവിടെ 2000ത്തിലാണ് അധികാരത്തർക്കം കോടതി കയറിയത്. അംഗത്വം നൽകുന്നില്ലെന്നു കാണിച്ച് ഇ.കെ വിഭാഗം നൽകിയ പരാതിയിൽ മഹല്ലിലെ ഭരണഘടന അംഗീകരിക്കുന്ന എല്ലാ മുസ്ലിംകൾക്കും അംഗത്വം നൽകി തെരഞ്ഞെടുപ്പ് നടത്തണമെന്ന് വഖഫ് ബോർഡ് ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് നടത്താൻ കമീഷനെ നിയമിക്കുകയും ചെയ്തു. എന്നാൽ, ഭരണസമിതി വിധിക്കെതിരെ ട്രൈബ്യൂണലിൽ അപ്പീൽ നൽകുകയും കേസ് പിന്നീട് ഹൈകോടതിയിൽ എത്തുകയുമായിരുന്നു. ഹർജിക്കാർ നൽകിയ 1301 പേരടങ്ങുന്ന പട്ടികയും ഭരണസമിതി സെക്രട്ടറി നൽകിയ 636 പേരുടെ പട്ടികയും 119 പേരടങ്ങുന്ന മറ്റൊരു പട്ടികയുമാണ് നോട്ടീസ് ബോർഡിൽ പതിച്ചത്. ഈ മൂന്നു പട്ടികയിലും യോഗ്യതയില്ലാത്തവരോ ചേർക്കാൻ വിട്ടുപോയവരോ ആവർത്തനം ഉള്ളവരോ ഉണ്ടെങ്കിൽ 20 ദിവസത്തിനകം കമീഷനിൽ പരാതി നൽകാം. പരാതികൾ പരിശോധിച്ച് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് ചട്ടപ്രകാരം തെരഞ്ഞെടുപ്പ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.