ഭീതിജനകമല്ല; ജാഗ്രത മൂന്നാഴ്ച കൂടി ^ആരോഗ്യമന്ത്രി

ഭീതിജനകമല്ല; ജാഗ്രത മൂന്നാഴ്ച കൂടി -ആരോഗ്യമന്ത്രി കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി ഭീതിജനകമാം വിധം വർധിക്കുന്നില്ലെന്നും എന്നാൽ, അടുത്ത മൂന്നാഴ്ച കൂടി ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോഴിക്കോട് ജില്ലയിൽ എലിപ്പനി മരണം വർധിക്കുന്ന സാഹചര്യത്തിൽ വിളിച്ചുചേർത്ത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജാഗ്രത തുടരുന്ന സാഹചര്യത്തിൽ ഡോക്സി സൈക്ലിൻ ഗുളിക വിതരണം കാര്യക്ഷമമാക്കും. വിതരണം ചെയ്ത ഗുളിക കഴിക്കാത്തതാണ് മരണസംഖ്യ വർധിക്കാൻ കാരണം. എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സക്കെത്തുന്നവരെ സംശയമുള്ള കേസായി പരിഗണിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കാൻ ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ മരുന്ന് ഇല്ലാത്തതി​െൻറ പേരിൽ ഒരാൾപോലും എലിപ്പനി വന്ന് മരിക്കുന്നില്ലെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തണം. മരുന്നില്ലെന്ന് പറഞ്ഞ് മടക്കി അയക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. എല്ലാ ആശുപത്രികളിലും മരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സർക്കാർ ആശുപത്രികളിലെല്ലാം ഡോക്സി കോർണർ തുടങ്ങണം. സംശയിക്കുന്ന കേസുകളെല്ലാം മെഡിക്കൽ കോളജിലേക്ക് പറഞ്ഞയക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. എലിപ്പനി പോലെ ഡെങ്കിപ്പനി, കോളറ, മഞ്ഞപ്പിത്തം എന്നിവയുടെ കാര്യത്തിലും ജാഗ്രത വേണം. പഞ്ചായത്ത്, വാർഡ് തലത്തിൽ ആരോഗ്യസേന പ്രവർത്തനം ശക്തമാക്കണം. വെള്ളപ്പൊക്കം കുടൂതലുണ്ടായ പ്രദേശങ്ങളിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുകയും ദുഷ്പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം പ്രചാരണം നടത്തുന്ന ജേക്കബ് വടക്കുംചേരിയെ പൊതുശല്യമായി പ്രഖ്യാപിക്കണം. ഇയാൾക്കെതിരെ ആരോഗ്യമന്ത്രിയെന്ന നിലയിൽ താനും ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡി.ജി.പിക്ക് പരാതി നൽകി. കേസെടുത്ത് അറസ്റ്റു ചെയ്യണം. നിലവിൽ എലിപ്പനിയെ എളുപ്പത്തിൽ പ്രതിരോധിക്കാവുന്ന ഗുളിക ഡോക്സി സൈക്ലിനാണ്. ഹോമിയോ, ആയുർവേദ മരുന്നുകളേക്കാൾ പെട്ടെന്ന് പ്രതികരിക്കുന്നത് അലോപ്പതി മരുന്നുകളാണ്. സംസ്ഥാനത്തും ജില്ല തലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂമുകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ. പ്രദീപ്കുമാർ എം.എൽ.എ, ഡി.എം.ഒ ഡോ. വി. ജയശ്രീ, കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സബ് കലക്ടർ വി. വിഘ്നേശ്വരി, അഡീഷനൽ ഡി.എം.ഒ ഡോ. ആശാദേവി, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അരുൺകുമാർ, എൻ.എച്ച്.എം േപ്രാഗ്രാം മാനേജർ ഡോ. നവീൻ, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു. ജില്ലയിലെ പി.എച്ച്.സി, സി.എച്ച്.സി, മെഡിക്കൽ ഓഫിസർമാർ, താലൂക്ക് ജില്ല ആശുപത്രി സൂപ്രണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.